മലപ്പുറം: ഓണ്‍ലൈനില്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തവര്‍ക്ക് കരിങ്കല്ലും ഇഷ്ടികയുമൊക്കെ പാര്‍സല്‍ ലഭിച്ച സംഭവങ്ങള്‍ നിരവധിയുണ്ട്. എന്നാല്‍, 1,400രൂപയുടെ പവര്‍ ബാങ്ക് ഓര്‍ഡര്‍ ചെയ്തപ്പോള്‍ 8,000 രൂപ വിലമതിക്കുന്ന ഫോണ്‍ ലഭിച്ച കാര്യമാണ് മലപ്പുറം കോട്ടക്കല്‍ എടരിക്കോട് സ്വദേശി നബീല്‍ നാഷിദിന് പറയാനുള്ളത്.അബദ്ധം കയ്യോടെ തന്നെ ഓണ്‍ലൈന്‍ വില്‍പനക്കാരായ ആമസോണിനെ അറിയിച്ചപ്പോള്‍ സത്യസന്ധതയെ അവര്‍ അഭിനന്ദിച്ചു.ഒപ്പം, ആ ഫോണ്‍ താങ്കള്‍ തന്നെ ഉപയോഗിച്ചോളു എന്ന ട്വീറ്റും മറുപടിയായി നല്‍കി.
ആഗസ്ത് 10 നാണ് ഷവോമിയുടെ 1,400രൂപ വിലയുള്ള 20,000 എം.എ.എച്ച് പവര്‍ ബാങ്കിന് നബീല്‍ ബുക്ക് ചെയ്തത്. ആഗസ്ത് 15ന് പാഴ്സലായി സാധനം എത്തി. പെട്ടി പൊളിച്ചപ്പോള്‍ നബീല്‍ ഞെട്ടി. ഷവോമിയുടെ തന്നെ 8,000 രൂപ വിലമതിക്കുന്ന റെഡ് മി എട്ട് എ ഡ്യുവല്‍ എന്ന ഫോണായിരുന്നു അത്. സ്വാതന്ത്ര്യ ദിനത്തില്‍ ലഭിച്ച അപ്രതീക്ഷിത ‘സമ്മാന’ത്തിൻ്റെ ഫോട്ടോ എടുത്ത് ഉടന്‍ തന്നെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ട്വീറ്റില്‍ ആമസോണിനെ ടാഗ് ചെയ്യുകയും ചെയ്തു.
തെറ്റ് പറ്റിയതില്‍ ക്ഷമാപണം നടത്തിയ ആമസോണ്‍, പാര്‍സല്‍ തിരിച്ചു നല്‍കാനുള്ള റിട്ടേണ്‍ പോളിസി ലിങ്ക് ട്വീറ്റ് ചെയ്തു. ഫോണ്‍ താങ്കള്‍ക്ക് തന്നെ ഉപയോഗിക്കുകയോ മറ്റാര്‍ക്കെങ്കിലും സംഭാവനചെയ്യുകയോ ചെയ്യാമെന്ന ട്വീറ്റും പിന്നാലെയെത്തി.