കോവിഡ് 19: വയനാട്ടിൽ ഡോ. വീണ എന്‍. മാധവൻ സ്‌പെഷല്‍ ഓഫീസറായി ചുമതലയേറ്റു

കൽപ്പറ്റ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളും റിവേഴ്‌സ് ക്വാറന്റീന്‍ സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള സ്‌പെഷല്‍ ഓഫീസറായി ഡോ. വീണ എന്‍. മാധവന്‍ ചുമതലയേറ്റു. 2010 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. നിലവില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയും അസാപ് സി.ഇ.ഒ.യ വീണ 2012- 14 കാലയളവില്‍ മാനന്തവാടി സബ് കലക്ടറായിരുന്നു.

കോവിഡ് വ്യാപനം വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അടിയന്തരമായി 50,000 ബെഡ് സൗകര്യത്തോടു കൂടി ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സജ്ജീകരിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഓരോ പഞ്ചായത്തിലും കുറഞ്ഞത് 100 ബെഡുകളും ഓരോ നഗരസഭാ വാര്‍ഡിലും 50 ബെഡുകളുമുള്ള എഫ്.എല്‍.ടി.സികള്‍ കണ്ടെത്താനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. വയനാട് ജില്ലയില്‍ ഇത് സജ്ജീകരിക്കുന്നതിന് ജില്ലാ ഭരണകൂടത്തെ സഹായിക്കുകയാണ് വീണ എന്‍. മാധവന്റെ പ്രധാന ചുമതല. കലക്ടറേറ്റിലെത്തിയ വീണയോ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള സ്വീകരിച്ചു.