സംസ്ഥാനം അൺലോക്കിലേക്ക് നീങ്ങുന്നു. മെയ് 8ന് ആരംഭിച്ച ലോക്ക് ഡൗൺ ജൂൺ 16 മുതൽ ലഘൂകരിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഏപ്രിൽ മാസം അവസാനത്തോടെ ആരംഭിച്ച രണ്ടാം തരംഗം മെയ് മാസത്തിൽ സംസ്ഥാനത്ത് വളരെ ശക്തമായി. ജൂൺ തുടക്കത്തിൽ രോഗവ്യാപനം കുറഞ്ഞു തുടങ്ങി. എങ്കിലും ലോക്ക് ഡൗൺ പിൻവലിക്കാൻ പര്യാപ്തമായ തോതിലെത്തിയിരുന്നില്ല. ഇപ്പോൾ ആശ്വാസകരമായ സ്ഥിതി കൈവരിച്ചതുകൊണ്ടാണ് പൂർണമായിട്ടല്ലെങ്കിലും കൂടുതൽ ഇളവുകൾ അനുവദിച്ച് ലോക്ക് ഡൗൺ ലഘൂകരിക്കാൻ തീരുമാനിച്ചത്
മെയ് 6ന് 42,000ന് മുകളിലാണ് കേസ് റിപ്പോർട്ട് ചെയ്തിരുന്നത്. ഒരു ഘട്ടത്തിൽ മെയ് 15ന് ടിപിആർ 27.8 ശതമാനമായി ഉയർന്നിരുന്നു. പുതിയ കേസുകളുടെ എണ്ണം ഘട്ടംഘട്ടമായി കുറഞ്ഞുവന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ പഞ്ചായത്തുകളെ കണ്ടെത്തി അവയെ കണ്ടെയ്ൻമെന്റ് സോണുകളായി നിശ്ചയിച്ച് കർശനമായ നിയന്ത്രണം ഏർപ്പെടുത്തും. ടിപിആർ ഉയർന്നതല്ലെങ്കിലും അപകട സൂചന നൽകുന്ന പഞ്ചായത്തുകളിലും ശക്തമായ നിയന്ത്രണമുണ്ടാകും
ജൂൺ 17 മുതൽ പൊതുഗതാഗതം മിതമായ തോതിൽ അനുവദിക്കും. അതേസമയം ശനിയും ഞായറും സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങളായിരിക്കും. സംസ്ഥാനത്തെ നാല് മേഖലകളായി തിരിച്ചാണ് നിയന്ത്രണം. ടിപിആർ 30 ശതമാനത്തിൽ കൂടിയ സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തും. ടിപിആർ 20നും 30 ശതമാനത്തിനും ഇടയിലുള്ള പ്രദേശങ്ങളിൽ നിലവിലുള്ള ലോക്ക് ഡൗൺ തുടരും. ടിപിആർ 8 മുതൽ 20 ശതമാനം വരെയുള്ള പ്രദേശങ്ങളിൽ കർശന നിയന്ത്രണമുണ്ടാകും. ടിപിആർ എട്ട് ശതമാനത്തിൽ താഴെയുള്ള മേഖലകളിൽ കൂടുതൽ ഇളവുകളും നൽകും