അൺലോക്കിലേക്ക് കേരളം: ഇളവുകൾ എന്തെല്ലാമെന്ന് അറിയാം

സംസ്ഥാനത്ത് ജൂൺ 17 മുതൽ പൊതുഗതാഗതം മിതമായ തോതിൽ അനുവദിക്കും. അതേസമയം ശനി, ഞായർ ദിവസങ്ങളിൽ കർശന നിയന്ത്രണങ്ങൾ ആയിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു

വ്യാവസായിക, കാർഷിക മേഖലകളിലെ പ്രവർത്തനങ്ങൾ എല്ലാ തദ്ദേശ സ്വയം ഭരണ പ്രദേശങ്ങളിലും അനുവദിക്കും. ഈ മേഖലകളിലെ തൊഴിലാളികൾക്ക് ഗതാഗതം അനുവദിക്കും. അവശ്യ വസ്തുക്കളുടെ കടകൾ എല്ലാ ദിവസവും രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ഏഴ് മണി വരെ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കും. അക്ഷയ കേന്ദ്രങ്ങൾ തിങ്കൾ മുതൽ വെള്ളി വരെ പ്രവർത്തിക്കാം

ജൂൺ 17 മുതൽ കേന്ദ്ര സംസ്ഥാന സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഗവൺമെന്റ് കമ്പനികൾ, കമ്മീഷനുകൾ, കോർപറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിൽ റൊട്ടേഷൻ അടിസ്ഥാനത്തിൽ 25 ശതമാനം ജീവനക്കാരെ വെച്ച് എല്ലാ ദിവസവും പ്രവർത്തിക്കാം.