കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി അതിഥി തൊഴിലാളികളുമായി അസമിലേക്ക് പോയി തിരിച്ചു വരാനാവാതെ കുടുങ്ങിയ ടൂറിസ്റ്റ് ബസിലെ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അഭിജിത്താണ് അസമിലെ നഗോറയില്‍ ടൂറിസ്റ്റ് ബസിനുള്ളില്‍ ആത്മഹത്യ ചെയ്തത്.
തെരഞ്ഞെടുപ്പ് പ്രമാണിച്ച് അതിഥി തൊഴിലാളികളുമായി വടക്കൻ സംസ്ഥാനങ്ങളിലേക്ക് നിരവധി ടൂറിസ്റ്റ് ബസുകള്‍ പോയിരുന്നു. എന്നാൽ, കേരളത്തില്‍ കോവിഡ് രണ്ടാം തരംഗവും ലോക്ക്ഡൗണും കാരണം തൊഴിലാളികള്‍ തിരിച്ചു വരാന്‍ മടി കാണിച്ചു. ഇതോടെ ബസുകളും ജീവനക്കാരും അവിടെ കുടുങ്ങുകയായിരുന്നു
ഒരു വശത്തേക്ക് മാത്രമുള്ള പണം നൽകി ഏജന്റുമാരും മുങ്ങിയതോടെ ബസുകളുമായുള്ള ജീവനക്കാരുടെ മടക്കയാത്ര പ്രതിസന്ധിയിലായി. അടിസ്ഥാന സൗകര്യവും മറ്റു സഹായങ്ങളും ലഭിക്കാതെ അസമില്‍ കുടുങ്ങിയ ഈ തൊഴിലാളികള്‍ വലിയ ദുരിതമാണ് നേരിടുന്നത്. ആഴ്ചകള്‍ക്ക് മുന്‍പ് ഒരു ബസിലെ ജീവനക്കാരന്‍ ഹൃദയാഘാതം മൂലം മരിച്ചിരുന്നു.