ബളാൽ ആൻമരിയ കൊലപാതകം: പ്രതി ആൽബിനെ ഇന്ന് തെളിവെടുപ്പിനായി വീട്ടിലെത്തിക്കും

കാസർകോട് ബളാലിൽ ഐസ്‌ക്രീമിൽ എലിവിഷം കലർത്തി 16കാരിയായ സഹോദരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആൽബിനെ ഇന്ന് തെളിവെടുപ്പിനായി വീട്ടിലെത്തിക്കും. തുടർന്ന് വൈദ്യപരിശോധനക്കും കൊവിഡ് പരിശോധനക്കുമായി ഹാജരാക്കും. കാസർകോട് കോടതിയിൽ ഹാജരാക്കാനാണ് സാധ്യത.

ഇന്നലെ വൈകുന്നേരം ആൽബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. വീട്ടിലെ എല്ലാവരെയും കൊലപ്പെടുത്താനാണ് ആൽബിൻ പദ്ധതിയിട്ടത്. ഐസ്‌ക്രീം കഴിച്ച് ഗുരുതരാവസ്ഥയിലായ പിതാവ് ബെന്നി ചികിത്സയിലാണ്. മാതാവ് ബെൻസി ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് ആശുപത്രി വിട്ടു.

ഈ മാസം അഞ്ചാം തീയതിയാണ് ഛർദിയെയും വയറുവേദനയെയും തുടർന്ന് ആൻമരിയയെ ചെറുപുഴ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അന്ന് വൈകുന്നേരം തന്നെ ആൻമരിയ മരിച്ചു. പിറ്റേന്ന് ബെന്നിയും ബെൻസിയും ചികിത്സ തേടിയതോടെയാണ് സംഭവത്തിൽ ദുരൂഹതയുണർന്നത്. ആനിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വിഷം ഉള്ളിൽ ചെന്നതായും കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം ചെയ്തത് ആൽബിനാണെന്ന് വ്യക്തമായത്