കാസർകോട് ബളാലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പതിനാറുകാരി ആൻമരിയയുടേത് കൊലപാതകമെന്ന് പോലീസ്. സഹോദരനായ ആൽബിൻ ഐസ് ക്രീമിൽ വിഷം കലർത്തിയാണ് ആൻമരിയയെ കൊലപ്പെടുത്തിയത്. അഗസ്റ്റ് അഞ്ചിനാണ് ആൻമരിയ മരിച്ചത്
അച്ഛനെയും അമ്മയെയും ആൽബിൻ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. വിഷം ഉള്ളില്‍ ചെന്ന അച്ഛന്‍ ബെന്നി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. തന്റെ രഹസ്യബന്ധങ്ങൾ തുടരുന്നതിന് കുടുംബം തടസ്സമാകുമെന്ന് കരുതിയതിനാലാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു. ആൽബിൻ വെള്ളരിക്കുണ്ട് പോലീസ് കസ്റ്റഡിയിലാണ്
ആൽബിനും ആൻമരിയയും കൂടിയാണ് വീട്ടിൽ ഐസ് ക്രീം ഉണ്ടാക്കിയത്. ഇത് കഴിച്ചതിന് പിറ്റേ ദിവസം ആൻമരിയക്ക് ഛർദിയും അസ്വസ്ഥതയും അനുഭവപ്പെട്ടു. മഞ്ഞപ്പിത്തമെന്നാണ് ആദ്യം കരുതിയത്. തുടർന്ന് ചെറുപുഴ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ വെച്ചാണ് കുട്ടി മരിച്ചത്.
പിന്നാലെ ആൻമരിയയുടെ അച്ഛനും അമ്മയും ഗുരുതരാവസ്ഥയിലായതോടെയാണ് സംശയം ഉടലെടുത്തത്. കുട്ടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വിഷം ഉള്ളിൽ ചെന്നതായും കണ്ടെത്തിയിരുന്നു