തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കേരളത്തിലെത്തിച്ചു. റോഡ് മാര്‍ഗം വാളയാര്‍ വഴിയാണ് കേരളത്തിലെത്തിച്ചത്. ഇരുവരെയും കൊച്ചിയിലേക്ക് കൊണ്ടുപോവുകയാണ്. രണ്ട് ദിവസം മുന്‍പാണ് സ്വപ്നയും സന്ദീപും കേരളം വിട്ട് ബംഗളൂരുവില്‍ എത്തിയത്. എന്‍ഐഎ നടത്തിയ റെയ്ഡിലാണ് ഇരുവരെയും പിടികൂടിയത്.
ഫോണ്‍വിളികളും മാധ്യമങ്ങളിലൂടെ പുറത്തുവന്ന സ്വപ്നയുടെ ശബ്ദരേഖയും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ഇരുവരെയും പിടികൂടാന്‍ കസ്റ്റംസ് കേരള പൊലീസിന്‍റെ സഹായം തേടിയതിനിടെയാണ് നാടകീയ നീക്കത്തിലൂടെ എന്‍ഐഎ ഇരുവരെയും പിടികൂടിയത്.
രണ്ട് ദിവസം മുന്‍പാണ് ഇവര്‍ ബംഗളൂരുവിലേക്ക് പോയതെങ്കില്‍ ഇവര്‍ക്ക് എങ്ങനെ ഒരു പരിശോധനയും കൂടാതെ ബംഗളൂരുവില്‍ എത്താന്‍ കഴിഞ്ഞു എന്ന ചോദ്യമുയരുന്നുണ്ട്. പ്രത്യേകിച്ച് ഇരു സംസ്ഥാനങ്ങളിലും കോവിഡ് നിയന്ത്രണങ്ങളും പരിശോധനയുമുള്ളപ്പോള്‍.