തെലങ്കാനയില്‍ കൊറോണ രോഗിയുടെ മൃതദേഹം സംസ്‌കാരത്തിനായി കൊണ്ടുപോയത് ഓട്ടോറിക്ഷയില്‍. നിസാമാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും അധികൃതരുടെ മേല്‍നോട്ടമില്ലാതെയാണ് മൃതദേഹം സംസ്‌കാരത്തിനായി എത്തിച്ചത്. 50 വയസുകാരനാണ് രോഗം ബാധിച്ചു മരിച്ചത്.
ആംബുലന്‍സ് തയ്യാറാക്കാതെയാണ് മൃതദേഹം ബന്ധുവിന് വിട്ടുനല്‍കിയതെന്ന ആരോപണമാണ് ഉയരുന്നത്. എന്നാല്‍, മരിച്ചയാളുടെ ബന്ധു ആശുപത്രിയിലെ ജീവനക്കാരനാണെന്നും ഇയാളുടെ ആവശ്യപ്രകാരം മൃതദേഹം വിട്ടുനല്‍കിയെങ്കിലും ആംബുലന്‍സിന് കാത്തുനില്‍ക്കാതെ ഇയാള്‍ ഓട്ടോറിക്ഷയില്‍ മൃതദേഹം കൊണ്ടുപോകുകയായിരുന്നു എന്നും ആശുപത്രി സൂപ്രണ്ട് ഡോ. നാഗേശ്വര്‍ റാവു പറഞ്ഞു.
അതേസമയം, വലിയ സുരക്ഷ വീഴ്ചയാണ് ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടായത് എന്ന ആക്ഷേപം പ്രദേശത്തു ശക്തമായിട്ടുണ്ട്. മൃതദേഹം ഓട്ടോറിക്ഷയില്‍ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രദേശവാസികള്‍ ആശങ്കയിലായിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.