അരിമ്പൂരിൽ മൃതദേഹം സംസ്‌കരിച്ചത് കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ; പരിശോധനാ ഫലം വരും മുമ്പേ മൃതദേഹം വിട്ടുനൽകിയത് ചട്ടലംഘനം; അന്വേഷണത്തിന് ഉത്തരവ്

തൃശൂർ അരിമ്പൂരിൽ കുഴഞ്ഞു വീണ് മരിച്ച വീട്ടമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച. കൊവിഡ് ഉണ്ടെന്ന് അറിയാതിരുന്നതിനാൽ വത്സലയുടെ മൃതദേഹം സംസ്‌കരിച്ചത് കൊവിഡ് പ്രൊട്ടോക്കോൾ പാലിക്കാതെയാണ്. സ്രവ പരിശോധനാ ഫലം വരും മുമ്പേ തന്നെ ആശുപത്രി അധികൃതർ മൃതദേഹം വിട്ടു നൽകിയിരുന്നു.

ഇത്തരത്തിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തത് ചട്ടലംഘനമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഫൊറൻസിക് എച്ച്ഒഡിക്ക് നിർദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടി കൈക്കൊള്ളുമെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അറിയിച്ചു.

ജൂലൈ അഞ്ചിനാണ് വത്സല മരിച്ചത്. ഇവരുടെ ആദ്യ ട്രൂനാറ്റ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. പോസ്റ്റുമോർട്ടം നടപടിക്കിടെ ശേഖരിച്ച സ്രവ പരിശോധന ഫലമാണ് പൊസിറ്റീവായത്. പരിശോധനാ ഫലം വരും മുമ്പേ മൃതദേഹം നൽകിയതിനാൽ മൃതദേഹം കൊവിഡ് പ്രോട്ടോകോൾ പാലിക്കതെയാണ് സംസ്‌കരിച്ചത്. മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ ഡോക്ടർമാർ ഉൾപ്പെടെ ക്വാറന്റീനിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്.