പ്രവാസികളുടെ മടങ്ങി വരവ് സംബന്ധിച്ച ഉപാധികൾ നാളെ മുതൽ പാലിക്കണം; ഉത്തരവ് പുറത്തിറക്കി

വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ മലയാളികളെ തിരികെയെത്തിക്കുന്നത് സംബന്ധിച്ച ഉപാധികളെ കുറിച്ചുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. ഉത്തരവ് പ്രകാരം നാളെ മുതൽ തന്നെ ഉപാധികൾ നടപ്പാക്കണം. ഇതിന്റെ ഭാഗമായി സൗദി അറേബ്യയിൽ നിന്ന് മടങ്ങി വരുന്നവർക്ക് പിപിഇ കിറ്റ് നിർബന്ധമാണ്.

രാവിലെ മന്ത്രിസഭായോഗ തീരുമാനം പുറത്തുവന്നപ്പോൾ ആശയക്കുഴപ്പം നിലനിന്നിരുന്നു. എപ്പോൾ മുതലാണ് ഉപാധികൾ നടപ്പാക്കുക എന്നതായിരുന്നു പ്രധാന സംശയം. ഉത്തരവ് ഇറങ്ങിയതോടെ സംശയങ്ങൾ ഇല്ലാതായി.

ഒമാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്ന് മടങ്ങുന്നവർക്ക് എൻ 95 മാസ്‌ക്, ഫേസ് ഷീൽഡ്, ഗൗസ് എന്നിവ നിർബന്ധമാക്കി. ഖത്തറിൽ നിന്ന് തിരികെ വരുന്നവർക്ക് അവിടെയുള്ള എഹ്ത്രാസ് ആപ്പിലെ അനുമതി മതി. രോഗലക്ഷണം ഉള്ളവരെ തിരിച്ചറിയുന്നതിന് ഇതിലൂടെ സാധിക്കും.

യുഎഇൽ നിന്ന് മടങ്ങി വരുന്നവർക്ക് കൊവിഡ് ടെസ്റ്റ് നിർബന്ധമാണ്. ഇതിന്റെ ഉപാധികൾ നൽകേണ്ടത് വിമാന കമ്പനികളാണ്.