രണ്ട് മന്ത്രിസ്ഥാനം വേണമെന്ന നിലപാട് ആവർത്തിച്ച് ജോസ് കെ മാണി; റോഷി അഗസ്റ്റിൻ മന്ത്രിയാകും

 

രണ്ടാം പിണറായി സർക്കാരിൽ രണ്ട് മന്ത്രിസ്ഥാനം വേണമെന്ന നിലപാട് ആവർത്തിച്ച് കേരളാ കോൺഗ്രസ് മാണി വിഭാഗം. അഞ്ച് എംഎൽഎമാരുള്ള പാർട്ടിക്ക് രണ്ട് മന്ത്രിസ്ഥാനം വേണമെന്നാണ് ആവശ്യം. സിപിഎം നേതാക്കളെ കണ്ട് ജോസ് കെ മാണി ഇക്കാര്യം ആവശ്യപ്പെടും. റോഷി അഗസ്റ്റിൻ മന്ത്രിയാകുമെന്ന് ഏകദേശം ഉറപ്പാണ്. കൂടാതെ ഡോ. എൻ ജയരാജിനെയും മന്ത്രിസഭയിലേക്ക് പരിഗണിക്കണമെന്നാണ് ആവശ്യം

അതേസമയം ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും നൽകാമെന്നാണ് സിപിഎം ധാരണ. എന്നാൽ കേരളാ കോൺഗ്രസ് പാർട്ടിക്കുള്ളിൽ ഇതിനെതിരെ വിമർശനം ഉയരുകയായിരുന്നു. തുടർന്നാണ് നിലപാട് ആവർത്തിക്കാൻ ജോസ് കെ മാണി മുതിരുന്നത്.

റോഷി അഗസ്റ്റിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനാണ് സിപിഎമ്മിന് താത്പര്യം. എന്നാൽ കോട്ടയം കേന്ദ്രീകരിച്ച് മന്ത്രിസ്ഥാനം ഇല്ലെങ്കിൽ പാർട്ടിയുടെ അടിത്തറയെ ബാധിക്കുമെന്ന് കേരളാ കോൺഗ്രസ് പറയുന്നു. ഇതാണ് കോട്ടയത്ത് നിന്ന് ജയിച്ച ജയരാജിനെ കൂടി മന്ത്രിസഭയിൽ എടുക്കണമെന്ന് ആവശ്യപ്പെടാൻ കാരണം.