കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേക്ക്. തിങ്കളാഴ്ച ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. അതേസമയം കൈമാറുന്ന സീറ്റുകൾ സംബന്ധിച്ച് ഇടതുമുന്നണിയിൽ ധാരണയായിട്ടില്ല. മുന്നണി പ്രവേശനത്തിന് ശേഷം സീറ്റുകൾ സംബന്ധിച്ച അന്തിമ ധാരണയാക്കാമെന്നാണ് സിപിഎം നേതാക്കൾ നൽകിയ ഉറപ്പ്
മുന്നണി പ്രവേശനം അനിശ്ചിതമായി നീണ്ടുപോകുന്നതിൽ രണ്ട് പാർട്ടികൾക്കും യോജിപ്പില്ല. ജോസ് വിഭാഗം എൻഡിഎയിലേക്ക് പോകുമെന്ന് പി ജെ ജോസഫ് വെടി പൊട്ടിച്ചതോടെ ഇടതുമുന്നണി പ്രവേശനം ഇനി വൈകേണ്ടതില്ലെന്ന് ജോസ് കെ മാണി തീരുമാനമെടുക്കുകയായിരുന്നു.
20 സീറ്റുകളാണ് ജോസ് കെ മാണി ചോദിക്കുന്നത്. എന്നാൽ പതിനൊന്ന് സീറ്റുകൽ നൽകാമെന്നാണ് സിപിഎം പറയുന്നത്. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റുകളായ പേരാമ്പ്ര, റാന്നി, ചാലക്കുടി സീറ്റുകളെ കുറിച്ചും തർക്കമുണ്ട്. പാലായെ ചൊല്ലിയും തർക്കം മുറുകുകയാണ്. പാല ജോസ് കെ മാണിക്ക് നൽകിയാൽ മാണി സി കാപ്പനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും നടത്തേണ്ടതുണ്ട്.