പാലാരിവട്ടം പാലം അഴിമതി കേസിൽ ഇബ്രാഹിംകുഞ്ഞ് നൽകിയ ജാമ്യാപേക്ഷയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. ജാമ്യഹർജി വേഗത്തിൽ കേൾക്കണമെന്ന് ഇബ്രാഹിംകുഞ്ഞ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഹർജിക്കാരൻ ആശുപത്രിയിൽ അല്ലേ എന്നായിരുന്നു കോടതിയുടെ മറുചോദ്യം
എന്നാൽ ആശുപത്രിയിൽ നിന്ന് കസ്റ്റഡിയിൽ എടുക്കുമോയെന്ന ആശങ്കയുണ്ടെന്ന് ഇബ്രാഹിംകുഞ്ഞിന്റെ അഭിഭാഷകൻ പറഞ്ഞു. നാല് ദിവസം കൂടി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് സർക്കാരും കോടതിയെ അറിയിച്ചു. തുടർന്നാണ് സത്യവാങ്മൂലം നൽകാൻ നിർദേശിച്ചത്. ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഡിസംബർ 11ലേക്ക് മാറ്റി
തനിക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ചികിത്സ ആവശ്യമാണെന്നും ഇബ്രാഹിംകുഞ്ഞ് ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അഴിമതിക്കേസിൽ തനിക്ക് പങ്കുണ്ടെന്ന് സ്ഥാപിക്കാനുള്ള തെളിവുകളില്ല. ഒന്നര വർഷമായി അന്വേഷണം നടക്കുന്ന കേസിൽ ഇനി സാക്ഷികളെ സ്വാധീനിക്കാനോ കേസ് അട്ടിമറിക്കാൻ സാധ്യതയില്ലെന്നും ഹർജിയിൽ പറയുന്നു.