ഓപറേഷൻ പി ഹണ്ട്: കണ്ണൂരിൽ 25 പേർക്കെതിരെ കേസ്, മലപ്പുറത്ത് രണ്ട് പേർ അറസ്റ്റിൽ

 

ഓപറേഷൻ പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്ത് വ്യാപകമായി പോലീസിന്റെ മിന്നൽ പരിശോധന. കണ്ണൂർ, മലപ്പുറം, തൃശ്ശൂർ, ഇടുക്കി ജില്ലകളിലെ വിവിധ പോലീസ് സ്‌റ്റേഷൻ പരിധികളിലായി ഒട്ടേറെ കേസുകൾ രജിസ്റ്റർ ചെയ്തു. നിരവധി മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.

കണ്ണൂരിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഓൺലൈനിൽ സ്ഥിരമായി കാണുന്നവരെ സൈബർ സെല്ലിന്റെ സഹായത്തോടെ തിരിച്ചറിഞ്ഞ് പോലീസ് നടത്തിയ തിരച്ചിലിൽ 25 പേർക്കെതിരെ കേസെടുത്തു. ഇവരുടെ മൊബൈലുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു.

പരിയാരം, പയ്യന്നൂർ, കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധികളിൽ ഒന്നിലേറെ കേസുകളുണ്ട്. ധർമടം, പാനൂർ, വളപട്ടണം, കുടിയാൻമല, എടക്കാട്, പേരാവൂർ പരിധികളിൽ ഓരോ കേസ് വീതമെടുത്തു. മലപ്പുറത്ത് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇതിലൊരാൾ ബംഗാൾ സ്വദേശിയാണ്.