ആമസോണില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത പാസ്പോര്‍ട്ട് കവറില്‍ പാസ്‌പോര്‍ട്ട്; ഉടമയെ തിരിച്ചറിഞ്ഞു

 

തൃശൂര്‍: ആമസോണില്‍ ഓര്‍ഡര്‍ ചെയ്ത പാസ് പോര്‍ട്ട് കവറിനൊപ്പം ഒറിജിനല്‍ പാസ്പോര്‍ട്ടും ലഭിച്ച സംഭവത്തില്‍ പാസ് പോര്‍ട്ടിന്റെ യഥാര്‍ത്ഥ ഉടമയെ കണ്ടെത്തി. വയനാട് കണിയാമ്പറ്റ സ്വദേശി മിഥുന്‍ ബാബുവിനാണ് താന്‍ ഓര്‍ഡര്‍ ചെയ്ത പാസ്പോര്‍ട്ട് കവറിനൊപ്പം മറ്റൊരാളുടെ പാസ്‌പോര്‍ട്ട് ലഭിച്ചത്. മാതൃഭൂമി വാര്‍ത്ത കണ്ടാണ് പാസ്‌പോര്‍ട്ടിന്റെ യഥാര്‍ത്ഥ ഉടമകള്‍ മിഥുനിനെ ബന്ധപ്പെട്ടത്.

തൃശൂര്‍ കുന്നംകുളം സ്വദേശിനി അസ്മാബിയുടെ മകന്‍ മുഹമ്മദ് സാലിഹിന്റെ പാസ്പോര്‍ട്ടാണ് കാണാതായത്. ആമസോണ്‍ വഴി പാസ്പോര്‍ട്ട് സൂക്ഷിക്കാന്‍ പേഴ്സ് വാങ്ങിയിരുന്നു. ഇതില്‍ വെച്ച് നോക്കി പോരായെന്ന് തോന്നി തിരിച്ചുനല്‍കി പകരം വേറെ ഓര്‍ഡര്‍ ചെയ്യുകയായിരുന്നു.

എന്നാല്‍ പാസ് പോര്‍ട്ട് തിരിച്ചു നല്‍കിയ കവറില്‍ പെട്ടുപോയ കാര്യം അവര്‍ അറിഞ്ഞിരുന്നില്ല. പിന്നീട് പാസ്‌പോര്‍ട്ട് കാണാതെ വീടുമുഴുവന്‍ തിരഞ്ഞെങ്കിലും കിട്ടിയില്ല. തിരികെ കൊടുത്ത കവറിലായിരുന്നു പാസ്പോര്‍ട്ട് എന്നറിഞ്ഞത്.

ആമസോണ്‍ കസ്റ്റമര്‍ കെയര്‍ ഉദ്യോഗസ്ഥരുമായി മിഥുന്‍ ബന്ധപ്പെട്ടിരുന്നുവെങ്കിലും സംഭവം ഇനി ആവര്‍ത്തിക്കില്ല എന്ന മറുപടിയാണ് ലഭിച്ചത്. പാസ്‌പോര്‍ട്ടില്‍ ഉടമയുടെ വിലാസം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഫോണ്‍ നമ്പര്‍ ഇല്ലാത്തതിനാല്‍ നേരിട്ട് ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. പാസ്‌പോര്‍ട്ടിലെ വിലാസത്തില്‍ പാസ്പോര്‍ട്ട് അയച്ചുകൊടുക്കാനായിരുന്നു മിഥുന്റെ പദ്ധതി. എന്തായാലും എന്തായാലും ഇരുകക്ഷികളും തമ്മില്‍ ബന്ധപ്പെട്ടിട്ടുണ്ട്.