കൊച്ചി: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് അനന്യ കുമാരി അലക്‌സിന്റെ പങ്കാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ലിജു എന്നയാളെയാണ് എറണാകുളം വൈറ്റിലയിലെ സുഹൃത്തിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. ലിംഗമാറ്റ ശസ്ത്രക്രിയയിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അനന്യ കുമാരി അലക്‌സി(28)നെ ഇടപ്പള്ളിയിലെ ഫ്‌ളാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരണമാണെന്നാണ് പോലിസ് റിപോര്‍ട്ട്. 2020 ജൂണ്‍ 14ന് നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി അനന്യ വ്യക്തമാക്കിയതിനു പിന്നാലെയാണ് മരണം. അനന്യ മരിച്ച ദിവസം ജിജുവും വീട്ടിലുണ്ടായിരുന്നു. മരണശേഷം ജിജു വൈറ്റിലയിലെ സുഹൃത്തുക്കളുടെ വീട്ടിലേക്ക് മാറിയതായിരുന്നു. അനന്യയുടെ മരണശേഷം ജിജു മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.