ദത്ത് വിവാദം: അനുപമയുടെ അമ്മയടക്കം അഞ്ച് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം

 

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ അനുപമയുടെ അമ്മയടക്കം അഞ്ചു പേര്‍ക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. തിരുവനന്തപരും ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായല്‍ ഒരു ലക്ഷം രൂപയുടെ ജാമ്യത്തില്‍ വിടണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കുഞ്ഞിനെ തട്ടിക്കൊണ്ട് പോയെന്നും വ്യാജരേഖയുണ്ടാക്കിയെന്നുമുള്ള പരാതിയില്‍ അന്വേഷണം തുടരുകയാണ്. മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

എന്നാല്‍ കുഞ്ഞിനെ സുരക്ഷിതമായി വളര്‍ത്താനാണ് ഏല്‍പിച്ചതെന്നായിരുന്നു അനുപമയുടെ അമ്മയടക്കമുള്ളവരുടെ വാദം. കുഞ്ഞിനെ തട്ടിക്കൊണ്ട് പോയെന്ന പരാതിയാണ് അനുപമ നല്‍കിയിരുന്നതെങ്കിലും കുടുംബ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അനുപമ ഈ വാദം ഉന്നയിച്ചിരുന്നില്ല.