അനുപമയുടെ അച്ഛനെതിരെ സി.പി.എം നടപടി; ലോക്കൽ കമ്മിറ്റിയിൽ നിന്ന് നീക്കി

 

തിരുവനന്തപുരം: കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നൽകിയ സംഭവത്തിൽ അനുപമയുടെ അച്ഛനെതിരെ സി.പി.എം നടപടി. പി.എസ് ജയചന്ദ്രനെ ലോക്കൽ കമ്മിറ്റിയിൽ നിന്ന് നീക്കി. പാര്‍ട്ടി പരിപാടിയില്‍ നിന്ന് മാറ്റിനിര്‍ത്തും. ദത്ത് വിവാദം അന്വേഷിക്കാന്‍ ഏരിയ കമ്മിറ്റി തലത്തില്‍ സമിതി രൂപീകരിക്കുകയും ചെയ്തു.

സി.പി.എം പേരൂർക്കട ലോക്കൽ കമ്മിറ്റി വിഷയം ചർച്ച ചെയ്തു. ലോക്കൽ കമ്മിറ്റി തീരുമാനം മേൽക്കമ്മിറ്റിയെ അറിയിക്കുമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.സി.വിക്രമൻ പറഞ്ഞു. അനുപമയുടെ അച്ഛൻ ജയചന്ദ്രൻ യോഗത്തിൽ പങ്കെടുത്തില്ല. അനുപമയുടെ അമ്മ സ്മിത ജെയിംസ് ഉൾപ്പെടെ സി.പി.എം അംഗങ്ങളായ കേസിലെ അഞ്ച് പ്രതികൾക്കെതിരെയും നടപടി ഉണ്ടായേക്കും.

അതേസമയം, അച്ഛനെതിരെ ഇപ്പോഴെങ്കിലും നടപടിയെടുത്തതില്‍ സന്തോഷമുണ്ടെന്ന് അനുപമ പ്രതികരിച്ചു. പാര്‍ട്ടിക്ക് മാനക്കേടുണ്ടാക്കിയത് അച്ഛനാണ്. കുറ്റം ചെയ്ത മറ്റുള്ളവര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് അനുപമ പറഞ്ഞു. അതിനിടെ ദത്ത് പരാതിയിൽ അനുപമയില്‍ നിന്നും അജിത്തില്‍ നിന്നും ശിശുവികസന ഡയറക്ടര്‍ വിവരങ്ങള്‍ ശേഖരിക്കും.