അനുപമയുടെ കുട്ടിയുടെ ദത്തെടുക്കല്‍ നടപടി സ്റ്റേ ചെയ്ത് കോടതി

 

തിരുവനന്തപുരം: അനുപമയുടെ കുട്ടിയുടെ ദത്തെടുപ്പ് വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ കുടുംബ കോടതി തുടർനടപടികൾ സ്റ്റേ ചെയ്തു. കേസിൽ വിശദമായ വാദം നവംബർ ഒന്നിന് കേൾക്കും. കുട്ടിയെ ദത്തെടുത്ത മാതാപിതാക്കൾക്ക് കുട്ടിയെ കൈമാറുന്ന വിധി ഇന്ന് പുറപ്പെടുവിക്കാനിരിക്കെയാണ് കോടതിയുടെ നിലപാട്.

കുട്ടിയുടെ അവകാശവുമായി ബന്ധപ്പെട്ട് തർക്കമുണ്ടെന്നും വിധി പുറപ്പെടുവിക്കരുതെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇന്ന് കോടതിയിൽ നിന്ന് വിധി വരാനിരിക്കെ കേസിൽ അനുപമയും കക്ഷി ചേർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയുടെ നടപടി. ആന്ധ്രാ സ്വദേശികളായ ദമ്പതികള്‍ക്കാണ് അനുപമയുടെ കുട്ടിയെ ദത്ത് നല്‍കിയിരിക്കുന്നത് എന്നാണ് സൂചന.

കുട്ടിയുടെ സംരക്ഷണത്തിന്റെ പൂര്‍ണ അവകാശം ദത്തെടുത്ത ദമ്പതികള്‍ക്ക് നൽകുന്നതിന്റെ അന്തിമ വിധിയായിരുന്നു ഇന്ന് കോടതി പുറപ്പെടുവിക്കാനിരുന്നത്. അതിനിടെയാണ് വിവാദത്തെ തുടർന്ന് സര്‍ക്കാര്‍ തടസ്സ ഹര്‍ജി നല്‍കിയത്. കുട്ടിയുടെ അമ്മ ജീവിച്ചിരിപ്പുണ്ടെന്നും ദത്തെടുക്കല്‍ നടപടികൾ സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇതില്‍ വ്യക്തത വരുന്നതുവരെ ദത്തെടുക്കല്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്നുമുള്ള സർക്കാരിന്റെ ആവശ്യമാണ് കോടതി ഇന്ന് പരിഗണിച്ചത്. സര്‍ക്കാരിന്റെ ഹര്‍ജി കോടതി അംഗീകരിക്കുകയായിരുന്നു. നവംബറിൽ കേസ് വാദം കേട്ട ശേഷമാകും തുടർ തീരുമാനങ്ങൾ.