അനുപമയുടെ കുഞ്ഞിന്‍റെ ജനന സർട്ടിഫിക്കറ്റിലും തിരിമറി; പിതാവിന്‍റെ പേര് മാറ്റിനല്‍കി

തിരുവനന്തപുരം പേരൂര്‍ക്കടയിലെ അനുപമയുടെ കുഞ്ഞിന്‍റെ  ജനന സർട്ടിഫിക്കറ്റിലും തിരിമറി. അനുപമയുടെ കുട്ടിയുടെ ജനനസർട്ടിഫിക്കറ്റില്‍ പിതാവിന്‍റെ പേര് മാറ്റിനല്‍കി. പിതാവിന്‍റെ പേരിന്‍റെ സ്ഥാനത്ത് ‘ജയകുമാർ സി’ എന്നാണ് നല്‍കിയിരിക്കുന്നത്. കുട്ടിയുടെ മേല്‍വിലാസവും തെറ്റായാണ് നല്‍കിയിരിക്കുന്നത്.

കാട്ടാക്കാട ഗ്രാമപഞ്ചായത്തില്‍ രജിസ്റ്റർ ചെയ്ത ജനന സർട്ടിഫിക്കറ്റിന്‍റെ പകർപ്പാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. തെറ്റായ വിവരങ്ങള്‍ നല്‍കിയത് തന്‍റെ അച്ഛനാണെന്ന് അനുപമ പറഞ്ഞു. ഇതോടെ തുടക്കം മുതൽക്ക് തന്നെ കുട്ടിയെ അനുപമയിൽനിന്ന് മാറ്റാൻ ആസൂത്രിത നീക്കം നടന്നുവെന്നാണ് വ്യക്തമാവുന്നത്. അനുപമയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ തന്നെ വ്യാജ വിവരങ്ങളാണ് നൽകിയത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു. ദത്തിന്‍റെ വിശദാംശങ്ങള്‍ തേടി സി.ഡബ്ല്യു.സിക്ക് പോലീസ് കത്ത് നല്‍കി. സ്‌റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സിക്കും പോലീസ് കത്ത് നല്‍കും. അനുപമയുടെ കുട്ടിയെ ഉപേക്ഷിച്ച ദിവസം ആണ്‍കുട്ടിയെ ലഭിച്ചെന്ന് ശിശുക്ഷേമ സമിതി പോലീസിനെ അറിയിച്ചു. തൈക്കാട് അമ്മത്തൊട്ടിലില്‍ നിന്നാണ് കുഞ്ഞിനെ ലഭിച്ചത്. പോലീസിന് നല്‍കിയ മറുപടിയിലാണ് ശിശുക്ഷേമ സമിതി ഇക്കാര്യം വ്യക്തമാക്കിയത്. കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് കത്തിലെ വിശദീകരണം. ദത്ത് നല്‍കിയത് സംബന്ധിച്ച വിശദാംശങ്ങള്‍ പോലീസിന് നല്‍കിയിട്ടില്ല. അനുപമയുടെ പ്രസവം നടന്ന ആശുപത്രിയില്‍നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചു.

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന തിരുവനന്തപുരം പേരൂർക്കട സ്വദേശി അനുപമയുടെ പരാതിയിൽ സമഗ്രാന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പ്രതികരിച്ചിരുന്നു. എല്ലാ പരാതികളും അന്വേഷിക്കും. അമ്മയുടെ കണ്ണീരിനൊപ്പമാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു.