കൊച്ചി ബ്ലാക് മെയിൽ കേസിൽ ഷംനയുടെ വീട്ടിലെ സിസി ടിവി ദ്യശ്യങ്ങൾ മജിസ്‌ട്രേറ്റ് കണ്ട് ബോധ്യപ്പെടണമെന്ന് പ്രതികൾ

കൊച്ചി ബ്ലാക് മെയിൽ കേസിൽ ഷംനയുടെ വീട്ടിലെ സിസി ടിവി ദ്യശ്യങ്ങൾ പരിശോധിക്കണമെന്നും അത് മജിസ്ട്രേറ്റ് കണ്ട് ബോധ്യപ്പെടണമെന്നുമാണ് പ്രതി റഫീഖ് ആവശ്യമുന്നയിച്ചിരിക്കുന്നത്. റഫീഖുമായുള്ള വാട്സ് ആപ്പ് ചാറ്റ് പരിശോധിക്കണമെന്നും എറണാകുളം മജിസ്ടേറ്റ് കോടതിയിൽ പ്രതി ആവശ്യമുന്നയിച്ചു. അതേ സമയം ഇന്നലെ കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളും തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടവർ തന്നെയാണെന്നും പ്രതികൾക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നും ഐജി വിജയ് സാഖറെ പറഞ്ഞു. ഷംനയോട് ഫോണിൽ സംസാരിച്ച സ്ത്രീകളെ കസ്റ്റഡിയിൽ എടുക്കുന്നത് സംബന്ധിച്ച് അന്വേഷണ സംഘം അന്തിമ തീരുമാനം എടുത്തിട്ടില്ല.

സമാനമായ കേസുകളിൽ ഇരകളിൽ നിന്നും പ്രതികൾ തട്ടിയെടുത്ത സ്വർണം ഉടൻ കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു. കേസിലെ 11 പ്രതികളിൽ ഒമ്പത് പേരും അറസ്റ്റിലായിട്ടുണ്ട്. അതേസമയം പ്രതികൾക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നതിന് തെളിവുകൾ പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.