ആന്‍ജിയോഗ്രാം ചെയ്യുന്നതിനിടെ യന്ത്രഭാഗം ഹൃദയവാല്‍വില്‍ തറച്ചുകയറി; ആലപ്പുഴയില്‍ വീട്ടമ്മ മരിച്ചു

ആന്‍ജിയോഗ്രാം ചെയ്യുന്നതിനിടെ യന്ത്രഭാഗം ഒടിഞ്ഞു ഹൃദയവാല്‍വില്‍ തറച്ചിരുന്നതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ആലപ്പുഴ ചിങ്ങോലി സ്വദേശി ബിന്ദു(55)വാണ് മരിച്ചത്. ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യും

കഴിഞ്ഞ മാസം നാലാം തീയതിയാണ് തട്ടാരമ്പലം സ്വകാര്യ ആശുപത്രിയില്‍ വീട്ടമ്മ തലകറക്കത്തെ തുടര്‍ന്ന് ചികിത്സ തേടിയത്. ഹൃദയത്തില്‍ ബ്ലോക്കുണ്ടോയെന്ന് പരിശോധിക്കാനാണ് ആന്‍ജിയോഗ്രാം ചെയ്തത്. ഇതിനിടെ യന്ത്രഭാഗം ഒടിഞ്ഞുകയറി.

തുടര്‍ന്ന് പരുമല സ്വകാര്യ ആശുപത്രിയിലേക്ക് ഇവരെ മാറ്റി. ഓപണ്‍ ഹൃദയശസ്ത്രക്രിയ നടത്തി ഹൃദയത്തിലുണ്ടായിരുന്ന ട്യൂബ് മാതൃകയിലെ യന്ത്രത്തിന്റെ ഭാഗം നീക്കി. ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് വീട്ടമ്മ മരിച്ചത്.

സംഭവത്തില്‍ ആലപ്പുഴ എസ് പിക്ക് ബന്ധുക്കള്‍ പരാതി നല്‍കി. എന്നാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായി ഇങ്ങനെ സംഭവിക്കാമെന്നും പിഴവുണ്ടായിട്ടില്ലെന്നും വി എസ് എം ആശുപത്രി അധികൃതര്‍ പറയുന്നു

Leave a Reply

Your email address will not be published.