നെടുങ്കണ്ടം കസ്റ്റഡി മരണം;സി.ബി.ഐക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

നെടുങ്കണ്ടം കസ്റ്റഡി മരണം,സി.ബി.ഐക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനംഅറസ്റ്റ് ചെയ്ത ആറ് പൊലീസുകാരെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജാമ്യ ഉത്തരവ് ചോദ്യംചെയ്യാതെ പ്രതികളെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് നടപടി.

പ്രതികള്‍ക്ക് മുമ്പ് അനുവദിച്ച ജാമ്യം സി.ബി.ഐ മേല്‍കോടതികളില്‍ ഒരിടത്തും ചോദ്യം ചെയ്തിട്ടില്ലെന്നും ഇവരെ അന്യായമായാണ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തതെന്നും ഹൈക്കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് പൊലീസുകാരെ വിട്ടയക്കണമെന്ന് കോടതി ഉത്തരവിട്ടത്.
എ.എസ്.ഐമാരായ സി.ബി റെജിമോൻ, റോയി പി വർഗ്ഗീസ്, സിവിൽ പൊലീസ് ഓഫീസർമാരായ എസ് നിയാസ്, സജീവ് ആൻറണി, ജിതിൻ കെ ജോർജ്, ഹോം ഗാര്‍ഡ് കെ.എം ജെയിംസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാന്‍ഡ് ചെയ്തിരുന്നു. ഇവരെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് എസ്.ഐയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ജാമ്യഹര്‍ജി തള്ളിയ ശേഷമായിരുന്നു ഇത്. അതിനാല്‍ എസ്.ഐയുടെ അറസ്റ്റ് നിലനില്‍ക്കും.
ഇടുക്കി നെടുങ്കണ്ടം സ്വദേശി രാജ് കുമാർ കഴിഞ്ഞ വർഷം ആഗസ്റ്റ് 21-നാണ് പൊലീസ് കസ്റ്റഡിയിൽ മരിച്ചത്. ഹൈക്കോടതി നിർദ്ദേശപ്രകാരം കേസ് സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു.