ദുബായ്: എക്സ്‌പോ പവിലിയനുകളും വേദികളും പണിതുയർത്തിയ തൊഴിലാളികൾക്ക് ആദരവർപ്പിച്ച് നിർമ്മിച്ച എക്സ്‌പോ ജൂബിലി പാർക്കിന്റെ പ്രധാന നടപ്പാതയിലെ ചുമരുകൾ കൗതുകമാകുന്നു. തൊഴിലാളികളുടെ പേരുകൾ കൊത്തിവെച്ച ചുമരുകളാണ് ശ്രദ്ധയാകർഷിക്കുന്നത്.
കൽത്തൂണുകളിൽ നിർമാണപങ്കാളികളായ രണ്ടുലക്ഷത്തിലേറെ തൊഴിലാളികളുടെ പേരുകളാണ് കൊത്തിവച്ചിരിക്കുന്നത്. എക്സ്‌പോ 2020 തൊഴിലാളി സ്മാരകം എക്സ്‌പോ ഡയറക്ടർ ജനറൽ റീം അൽ ഹാഷ്മി അനാവരണംചെയ്തു.
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർക്കിടെക്ട് ആസിഫ് ഖാനാണ് ഇതിന്റെ ശില്പി. ഇന്ത്യക്കാരടക്കം രണ്ടുലക്ഷത്തിലേറെ തൊഴിലാളികളുടെ പ്രയത്നഫലമായാണ് എക്സ്‌പോ വേദി ഉയർന്നത്. തൊഴിലാളികളുടെ പ്രയത്നത്തെ റീം അൽ ഹാഷ്മി അഭിനന്ദിച്ചു.