മിനുക്കുപണികളുടെയും പുത്തൻ ഫീച്ചറുകളുടെയും അകമ്പടിയോടെ എക്സ്-ബ്ലേഡ് ബിഎസ്-6

ഹോണ്ടയുടെ ബിഎസ്-6 ബൈക്ക് നിര കൂടുതൽ കരുത്തുറ്റതാക്കാൻ എക്സ്-ബ്ലേഡിന്റെ ബിഎസ്-6 എൻജിൻ പതിപ്പ് അവതരിപ്പിച്ചു. സിംഗിൾ ഡിസ്ക്, ഡബിൾ ഡിസ്ക് എന്നീ രണ്ട് വേരിയന്റുകളിലെത്തുന്ന ഈ ബൈക്കിന് യഥാക്രമം 1.06 ലക്ഷം രൂപയും 1.1 ലക്ഷം രൂപയുമാണ് ഡൽഹിയിലെ എക്സ്ഷോറൂം വില. ഹോണ്ടയുടെ 160 സിസി ബൈക്കിൽ ബിഎസ്-6 എൻജിനിലേക്ക് മാറുന്ന രണ്ടമത്തെ മോഡലാണിത്.

നിരവധി മിനുക്കുപണികളുടെയും പുത്തൻ ഫീച്ചറുകളുടെയും അകമ്പടിയോടെയാണ് ബിഎസ്-6 എൻജിൻ എക്സ്-ബ്ലേഡ് എത്തിയിരിക്കുന്നത്. സ്ട്രൈപ്പ് ഡിസൈനിങ്ങാണ് ഇതിലെ ഹൈലൈറ്റ്. ഇതിനുപുറമെ, ഉന്നതമായ സാങ്കേതികവിദ്യ, എബിഎസ് സംവിധാനത്തിലുള്ള ഡ്യുവൽ ഡിസ്ക് ബ്രേക്ക്, എൻജിൻ സ്റ്റോപ്പ് സ്വിച്ച് എന്നിവയാണ് എക്സ്-ബ്ലേഡിന്റെ ഈ വരവിലെ മറ്റ് സവിശേഷതകൾ.

ബിഎസ്-6 നിലവാരത്തിലേക്ക് ഉയർന്ന ഹോണ്ടയുടെ 160 സിസി പി.ജി.എം.എഫ്.ഐ എൻജിനാണ് എക്സ്-ബ്ലേഡിന് കരുത്തേകുന്നത്. എൻജിനിൽ എട്ട് ഓൺബോർഡ് സെൻസറുകൾ നൽകിയിട്ടുള്ളതാണ് പി.ജി.എം.എഫ്.ഐ സംവിധാനത്തിന്റെ പ്രത്യേകത. ഈ സെൻസറുകൾ പെട്രോളിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിലൂടെ മികച്ച ഇന്ധനക്ഷമത ലഭിക്കുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.