സ്വർണക്കടത്ത് നടത്തിയ കേസിൽ താൻ നിരപരാധിയെന്ന് സ്വപ്ന സുരേഷ്

സ്വർണക്കടത്ത് നടത്തിയ കേസിൽ താൻ നിരപരാധിയെന്ന് സ്വപ്ന സുരേഷ്. സ്വര്‍ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നും ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സ്വപ്ന പറയുന്നു. ഇ- ഫയലിംഗ് വഴി ഇന്നലെ അർദ്ധരാത്രിയോടെ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് സ്വപ്ന സുരേഷിന്‍റെ വാദം. കോൺസുലേറ്റിൽ നിന്ന് ജോലി വിട്ട് പുറത്ത് വന്ന ശേഷവും കോൺസുലേറ്റ് ഉദ്യോഗസ്ഥർ തന്‍റെ സേവനം സൗജന്യമായി ഉപയോഗിച്ചിരുന്നുവെന്നാണ് സ്വപ്ന മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നത്. യുഎഇ കോണ്‍സുല്‍ ജനറലിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് താന്‍ ഡിപ്ലാമോറ്റിക് കാര്‍ഗോയെപ്പറ്റി അന്വേഷിക്കാനെത്തിയതെന്നും സ്വപ്‌ന പറയുന്നു.

കൊവിഡ് 19 പശ്ചാത്തലത്തിൽ നിലവിലെ കോൺസുലേറ്റ് ജനറൽ നാട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. നിലവിൽ ആക്ടിംഗ് കോൺസുലേറ്റ് ജനറലായി പ്രവർത്തിക്കുന്ന റാഷിദ് ഖാമിസ് അൽ ഷമെയ്‍ലി തനിക്ക് വന്ന കാർഗോ വൈകുന്നതെന്തുകൊണ്ടെന്ന് അന്വേഷിക്കാനായി തന്നെ ചുമതലപ്പെടുത്തി. ഇക്കാര്യം അന്വേഷിക്കാന്‍ ജൂണ്‍ 30 ന് തന്നോട് ആവശ്യപ്പെട്ടു. അതനുസരിച്ച് അക്കാര്യം അന്വേഷിച്ചതെന്നും സ്വപ്‌ന ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. കോണ്‍സുല്‍ ജനറല്‍ നിര്‍ദേശിച്ചത് അനുസരിച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചത്. കസ്റ്റംസ് കാർഗോ ഓഫീസിൽ താൻ പോയില്ല, കോൺസുലേറ്റ് നിർദേശ പ്രകാരം ഇ- മെയിൽ അയക്കുക മാത്രമാണ് ചെയ്തതെന്നും സ്വപ്ന സുരേഷ് മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. നേരിട്ട് പോയി കാർഗോ കൈപ്പറ്റാൻ തനിക്ക് കഴിയില്ല. കോൺസുലേറ്റ് പിആർഒയ്ക്ക് മാത്രമേ അതിന് അധികാരമുള്ളൂ. അതിനാലാണ് ഫോണിൽ വിളിച്ച് കാർഗോ എത്തുന്നത് വൈകുന്നതെന്തുകൊണ്ട് എന്ന് ചോദിച്ചത് എന്നും മുൻകൂർ ജാമ്യാപേക്ഷയിൽ സ്വപ്ന പറയുന്നു.