സ്വർണക്കടത്ത് ; സ്വപ്ന സുരേഷിന്റെ ബാങ്ക് അക്കൌണ്ടുകൾ മരവിപ്പിച്ചു

സ്വർണ കടത്തുമായി ബന്ധപ്പെട്ട് പഴുതടച്ച അന്വേഷണത്തിനാണ് കസ്റ്റംസ് തയാറെടുക്കുന്നത്. കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷിനെ കണ്ടെത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. സ്വപ്ന തിരുവനന്തപുരത്ത് തന്നെയുണ്ടന്ന നിഗമനത്തിലാണ് കസ്റ്റംസ്. ഇതിന്റെ ഭാഗമായിട്ടാണ് തിരുവനന്തപുരം നഗരത്തിലെ മുന്തിയ ഹോട്ടലുകളിൽ കസ്റ്റംസ് പരിശോധന നടത്തിയത്. പാപ്പനംകോട്ടെ സ്വകാര്യ ഹോട്ടലിലും പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.

യുഎഇ കോൺസിലേറ്റിന്റെ ചാര്‍ജുള്ള വ്യക്തിയുടെ പേരിലാണ് സ്വർണ്ണം എത്തിയത്.

ദുബായിൽ നിന്നും കുടുംബം അയച്ച ഭക്ഷ്യവസ്തുക്കൾ എന്നായിരുന്നു ഇതിൽ രേഖപ്പെടുത്തിയത്. എന്നാൽ സ്വർണക്കടത്തിനെക്കുറിച്ച് അറിയില്ലെന്ന് ഇദ്ദേഹം അറിയിച്ചിട്ടുണ്ട്. യുഎഇ കോണ്‍സുലേറ്റിന്റെ ചാര്‍ജുള്ള വ്യക്തി അറിയാതെ ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി എങ്ങനെ ഭക്ഷ്യ വസ്തുവിനൊപ്പം സ്വര്‍ണം എത്തിയതെന്നതാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. ഇതിനായി കോൺസുലേറ്റിന്റെ ചാർജുള്ള വ്യക്തിയുടെ മൊഴിയെടുക്കാനും കസ്റ്റംസ് ശ്രമിക്കുന്നുണ്ട്.

അതിനിടെ സ്വപ്ന സുരേഷിന്റെ ഫ്ലാറ്റിൽ നിന്ന് പിടിച്ചെടുത്ത ലാപ്‍ടോപ്പിലും പെൻഡ്രൈവുകളിലും സുപ്രധാന വിവരങ്ങളെന്നാണ് സൂചന. സ്വപ്നയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്.

ഡിപ്ലോമാറ്റിക് ബാഗേജിലെത്തിയ 30 കിലോ സ്വർണ്ണം പിടിച്ചെടുത്തിട്ട് മൂന്ന് ദിവസം പിന്നിടുമ്പോൾ മുഖ്യ ആസൂത്രിക സ്വപ്നാ സുരേഷ് എവിടെയെന്ന ചോദ്യം ബാക്കിയാകുന്നു. സെൻട്രൽ എക്‌സൈസും ഐ.ബിയും ഒരു പോലെ വലവിരിച്ചിട്ടും സ്വപ്നയെ കണ്ടെത്താനായില്ല. സ്വപ്നയെ ചോദ്യം ചെയ്താലേ സ്വർണ്ണ കള്ളക്കടത്തിന്റെ നാൾവഴികളും വേരുകളും കൃത്യമാകു. രണ്ട് ദിവസത്തെ റെയ്ഡിൽ ലാപ് ടോപ്പും പെൻഡ്രൈവുകളും ബാങ്ക് രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. സ്വർണ ഇടപാടിന്റെ സുപ്രധാന വിവരങ്ങൾ ഇതിലുണ്ടെന്നാണ് സൂചന.