തിരുവനന്തുപരം സ്വർണക്കടത്ത് കേസിലെ പ്രതി ഫൈസൽ ഫരീദിന്റെ പാസ്‌പോർട്ട് മരവിപ്പിച്ചു. അന്വേഷണ ഏജൻസികളുടെ ആവശ്യപ്രകാരം വിദേശകാര്യ മന്ത്രാലയമാണ് നടപടിയെടുത്തത്. ഇയാൾ നിലവിൽ യുഎഇയിലാണ്. ഫൈസൽ ഫരീദാണ് സ്വർണക്കടത്തിന്റെ മുഖ്യകണ്ണിയെന്ന് അന്വേഷണ ഏജൻസികൾ പറഞ്ഞിരുന്നു
യുഎഇയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് കടക്കാതിരിക്കാനും ഇന്ത്യയിലേക്ക് മടങ്ങാൻ സമ്മർദം ചെലുത്തുന്നതിനുമായാണ് പാസ്‌പോർട്ട് മരവിപ്പിച്ചത്. അതേസമയം അന്വേഷണം നടക്കുന്നതിനിടെ തിരുവനന്തപുരത്തെ യുഎഇ കോൺസുൽ ജനറലും അറ്റാഷെയും ഇന്ത്യ വിട്ടത് തിരിച്ചടിയായി.
അറ്റാഷെ റാഷാദ് ഖാമിസ് അൽ ആഷ്മിയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട കത്തിനോട് യുഇഎ ഇതുവരെ പ്രതികരിച്ചിട്ടില്ല. പിടിയിലായ പ്രതികളെ കസ്റ്റംസും എൻഐഎയും ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറ്റാഷെ രാജ്യം വിട്ടത്. കഴിഞ്ഞ ഞായറാഴ്ച തിരുവനന്തപുരത്ത് നിന്നും ഡൽഹിയിലേക്ക് പോയ അറ്റാഷെ ഇവിടെ നിന്നാണ് യുഎഇയിലേക്ക് മടങ്ങിയത്.