ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇത് പത്താം തവണയാണ് ബിഹാറിന്റെ മുഖ്യമന്ത്രിയായി നിതീഷ് കുമാർ അധികാരം ഏൽക്കുന്നത്. രാവിലെ 11.30 പട്നയിലെ ഗാന്ധി മൈതാനയിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രിമാരും എൻ ഡി എ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.
ഉപമുഖ്യമന്ത്രിമാരായി സാമ്രാട്ട് ചൗധരിയും വിജയ് സിൻഹയും സത്യപ്രതിജ്ഞ ചെയ്യും. ബിജെപിയിൽ നിന്ന് 10 പേരും ജെഡിയുവിൽ നിന്ന് 9 പേരും ആകും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. സ്പീക്കർ സ്ഥാനം ബിജെപിക്ക് നൽകാനാണ് നിലവിലെ ധാരണ.
അതേസമയം, തിരഞ്ഞെടുപ്പ് പരാജയം മഹാസഖ്യത്തിന് ഏൽപ്പിച്ചത് വലിയ ക്ഷതമേറ്റിരുന്നു. അർജെഡിയിൽ പ്രത്യേകിച്ച് ലാലു കുടുംബത്തിൽ കലഹം ഉടലെടുത്തു. ലാലു പ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യ രാഷ്ട്രീയം വിട്ടതായും കുടുംബവുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായും സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
തേജ് പ്രതാപ് യാദവിന് പിന്നാലെ രോഹിണി ആചാരിയും ലാലു കുടുംബത്തിൽ നിന്ന് അകന്നത്തോടെ പാർട്ടിയുടെ ആഭ്യന്തര ബലഹീനതകൾ കൂടി പുറത്ത് വരുന്നു. ബിഹാറിലെ വൻ തിരിച്ചടിക്ക് പിന്നാലെ രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഗെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പരാജയത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെയായിരുന്നു രാഹുൽഗാന്ധിയുടെ മടക്കം.അതിനിടെ നേരത്തെ അച്ചടക്ക ലംഘന നടപടിയുടെ പേരിൽ സസ്പെൻഡ് ചെയ്ത മുൻ കേന്ദ്രമന്ത്രി ആർ കെ സിംഗ് ബിജെപി പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ച സംഭവവും ഉണ്ടായിരുന്നു.







