Headlines

ബിഹാർ തിരഞ്ഞെടുപ്പ്; സീറ്റ് വിഭജന ചർച്ചകൾക്ക് മുൻപേ ജെഡിയുവിന്റെ അപ്രതീക്ഷിത സ്ഥാനാർഥിയായി സന്തോഷ് കുമാർ നിരാല

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എൻഡിഎ മുന്നണിയിൽ സീറ്റ് വിഭജന ചർച്ചകൾക്ക് കാത്തുനിൽക്കാതെ ആദ്യ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ. നിതീഷ് കുമാറിന്റെ ഈ നീക്കം സഖ്യകക്ഷിയായ ബിജെപിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. ജെഡിയുവിന്റെ പരമ്പരാഗത സീറ്റായ രാജ്പൂരിലേക്ക് മുൻ മന്ത്രി സന്തോഷ് കുമാർ നിരാലയെയാണ് നിതീഷ് കുമാർ ഏകപക്ഷീയമായി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.

സാധാരണയായി സഖ്യകക്ഷികളുമായി കൂടിയാലോചനകൾ നടത്തിയ ശേഷമാണ് ഇത്തരം നിർണ്ണായക പ്രഖ്യാപനങ്ങൾ നടത്താറ്. എന്നാൽ ഈ പതിവ് തെറ്റിച്ച് നിതീഷ് കുമാർ നടത്തിയ നീക്കം മുന്നണിക്കുള്ളിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് ശേഷം സീറ്റ് വിഭജന ചർച്ചകൾ നടത്താനാണ് ബിജെപിയും ജെഡിയുവും തമ്മിൽ ധാരണയിലെത്തിയിരുന്നത്. എന്നാൽ ഈ ധാരണകൾക്ക് വിരുദ്ധമായി പട്ടികജാതി സംവരണ മണ്ഡലമായ രാജ്പൂരിൽ സന്തോഷ് കുമാർ നിരാല മത്സരിക്കുമെന്ന് നിതീഷ് കുമാർ പ്രഖ്യാപിച്ചു. ബക്സറിൽ നടന്ന പാർട്ടി യോഗത്തിൽ ബിജെപിയുടെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി വേദിയിലിരിക്കെയാണ് ഈ പ്രഖ്യാപനം നടന്നത്.

നിതീഷ് കുമാറിന്റെ ഈ നീക്കം ബിജെപിയെ അമ്പരപ്പിച്ചെങ്കിലും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവാദങ്ങൾ ഒഴിവാക്കാനാണ് ബിജെപി നേതൃത്വം ശ്രമിക്കുന്നത്. “എൻഡിഎയുടെ നേതാവാണ് നിതീഷ് കുമാർ. ജെഡിയുവിന്റെ പരമ്പരാഗത സീറ്റുകളിൽ ആര് മത്സരിക്കണമെന്ന് തീരുമാനിക്കാൻ അദ്ദേഹത്തിന് അവകാശമുണ്ട്,” ബിജെപി നേതൃത്വം പ്രതികരിച്ചു.

ഇത്തവണ ജെഡിയുവും ബിജെപിയും തുല്യ സീറ്റുകളിൽ മത്സരിക്കണമെന്ന ധാരണയാണ് നിലവിലുള്ളത്. എന്നാൽ ബിജെപിയേക്കാൾ ഒരു സീറ്റ് കൂടുതൽ വേണമെന്ന് ജെഡിയു നേതൃയോഗത്തിൽ ആവശ്യം ഉയർന്നിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി 115 സീറ്റുകളിലും ജെഡിയു 110 സീറ്റുകളിലുമായിരുന്നു മത്സരിച്ചത്. പിന്നീട് ജെഡിയു തങ്ങളുടെ ഏഴ് സീറ്റുകൾ ജിതൻ റാം മാഞ്ചിയുടെ എച്ച്എഎമ്മിനും ബിജെപി തങ്ങളുടെ 11 സീറ്റുകൾ മുകേഷ് സഹാനിയുടെ വിഐപിക്കും നൽകി. ഇത്തവണ ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിയും ഉപേന്ദ്ര കുശ്വാഹയുടെ ആർഎൽഎമ്മും എൻഡിഎയിൽ ചേർന്നതിനാൽ സീറ്റ് വിഭജനം കൂടുതൽ സങ്കീർണ്ണമാകും.