നേപ്പാളിൽ ഭണകൂടത്തിനെതിരെ യുവാക്കളുടെ വൻ പ്രക്ഷോഭത്തിന് നേരെ പൊലീസ് വെടിവെപ്പ്. 9 പേർ കൊല്ലപ്പെട്ടു . നിരവധിപേർക്ക് പരുക്കേറ്റു. രാഷ്ട്രീയക്കാരുടെ അഴിമതിക്കെതിരെയും ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങൾ നിരോധിച്ചതിനെതിരെയുമാണ് എതിരെയാണ് പ്രതിഷേധം. പ്രധാനമന്ത്രിയുടെ ഓഫീസിനടുത്താണ് പ്രതിഷേധം സംഘടിപ്പിച്ചത്.
കാഠ്മണ്ഡുവിലെ മൈതിഘറിൽ രാവിലെ ഒമ്പതു മണി മുതലാണ് യുവാക്കളുടെ പ്രതിഷേധം ആരംഭിച്ചത്. നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഓലി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടിക് ടോക്ക്, വാട്ട്‌സാപ്പ് അടക്കമുള്ള 26 സമൂഹമാധ്യമങ്ങൾ നിരോധിച്ചുകൊണ്ട് ഉത്തരവിട്ടിരുന്നു. രാജ്യത്ത് സമൂഹമാധ്യമങ്ങൾ രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് പ്രധാനമന്ത്രിയുടെ വാദം.
ആവർത്തിച്ചുള്ള അഭ്യർത്ഥനകളെത്തുടർന്ന്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നേപ്പാളിൽ രജിസ്റ്റർ ചെയ്യുന്നതിനായി ഓഗസ്റ്റ് 28-ന് സർക്കാർ ഏഴ് ദിവസത്തെ സമയപരിധി നിശ്ചയിച്ചിരുന്നു. ഇത് അവസാനിച്ചതോടെയാണ് രാജ്യത്ത് സമൂഹമാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. പ്രതിഷേധക്കാർക്ക് നേരെയുണ്ടായ വെടിവയ്പിൽ തലയ്ക്ക് വെടിയേറ്റ 10 പേർ ചികിത്സയിൽ തുടരുന്നുണ്ട്. പ്രതിഷേധക്കാർ പാർലമെന്റ് പരിസരത്തേക്ക് കടന്നതിനെ തുടർന്നാണ് വെടിവയ്പുണ്ടായത്. 80ലധികം പേർക്കാണ് പരുക്കേറ്റത്. ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവും സർക്കാർ ഇറക്കിയിട്ടുണ്ട്. പ്രതിഷേധങ്ങളെ തുടർന്ന് പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും വസതിക്ക് പുറത്ത് സൈന്യത്തെ വിന്യസിച്ചു.