കുന്നംകുളം പൊലീസ് സ്റ്റേഷനിൽ വെച്ച് യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. മർദനത്തിൽ പങ്കെടുത്ത പൊലീസുകാരനായ സി.പി.ഒ. സന്ദീപിന്റെ കൊല്ലം ചവറ തെക്കുംഭാഗത്തുള്ള വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി.
പ്രതിഷേധം അക്രമാസക്തമായതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. ബാരിക്കേഡ് ചാടിക്കടന്ന പ്രവർത്തകർ കല്ലെറിയുകയും ബാരിക്കേഡുകൾ മറിച്ചിടുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കൂടുതൽ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
യൂത്ത് കോൺഗ്രസ് പ്രവർത്തകനായ അബിൻ വർക്കി സമരത്തിൽ സംസാരിക്കവെ ഭരണകക്ഷിയായ സി.പി.എമ്മിലുള്ളവരെ പോലും പൊലീസ് മാരകമായി മർദിക്കുന്നതായി ആരോപിച്ചു. സുജിത്തിനെ മർദിച്ച പൊലീസുകാരെ സർവീസിൽ നിന്ന് പുറത്താക്കുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അപലപിക്കാൻ പോലും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുന്നംകുളം പൊലീസ് സ്റ്റേഷനിൽ വെച്ച് അതിക്രമത്തിന് ഇരയായ യൂത്ത് കോൺഗ്രസ് നേതാവ് സുജിത്ത് പൊലീസുകാർക്കെതിരെ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ്.