Headlines

പിഎം ശ്രീ; സിപിഐഎം വഴങ്ങുന്നു; ധാരണാപത്രം മരവിപ്പിക്കുന്നുവെന്ന് അറിയിച്ച് കേന്ദ്രത്തിന് കത്ത് നല്‍കും

പിഎം ശ്രീയില്‍ സിപിഐഎം വഴങ്ങുന്നുവെന്ന് വിവരം. ധാരണാപത്രം മരവിപ്പിക്കുന്നുവെന്ന് അറിയിച്ച് കേന്ദ്രത്തിന് കത്ത് നല്‍കും. കത്തിന്റെ കരട് എം.എ ബേബി, സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജക്ക് അയച്ചു കൊടുത്തു. കത്ത് സിപിഐ സംസ്ഥാന നേതൃത്വം പരിശോധിക്കുകയാണ്. മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കടുത്ത നടപടിയിലേക്ക് സിപിഐ കടക്കുമെന്നിരിക്കെയായിരുന്നു സിപിഐഎമ്മിന്റെ നിര്‍ണായക നീക്കം.

എംഎ ബേബിയുടെ മധ്യസ്ഥതയിലാണ് ഒത്തുതീര്‍പ്പിന് വഴങ്ങുന്നത്. പിഎം ശ്രീ ധാരണാപത്രം മരവിപ്പിക്കണമെന്നായിരുന്നു സിപിഐ മുന്നോട്ട് വച്ച പ്രധാന ഉപാദി. ആ ഉപാദിക്കാണ് വഴങ്ങുന്നതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട കത്തിന്റെ കരട് സിപിഐഎം തയാറാക്കി സിപിഐ നേതൃത്വത്തിന് കൈമാറുകയായിരുന്നു. മലയാളത്തിലുള്ള കത്ത് ഡി രാജ സിപിഐ സംസ്ഥാന നേതൃത്വത്തിന് കൈമാറി.

കത്ത് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും.അവൈലബിള്‍ ദേശീയ സെക്രട്ടേറിയറ്റ് യോഗം ഉടന്‍ ചേരും.

തലസ്ഥാനത്ത് ഇതുമായി ബന്ധപ്പെട്ട് തിരക്കിട്ട ചര്‍ച്ചകള്‍ നടന്നിരുന്നു. സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ജനറല്‍ സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്തുള്ള അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റ് ചേരുകയും ചെയ്തു.