Headlines

പിഎം ശ്രീ : പിണറായി വിജയന്‍ – ബിനോയ് വിശ്വം ചര്‍ച്ച വൈകിട്ട് 3.30ന്;പദ്ധതിയില്‍ പിന്നോട്ടില്ലെന്ന് സിപിഐഎം

പിഎം ശ്രീ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ചര്‍ച്ച നടത്തും. ഇന്ന് വൈകിട്ട് 3.30നാണ് ചര്‍ച്ച. സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനിടയില്‍ വച്ചാണ് ചര്‍ച്ച നടത്താന്‍ സന്നദ്ധ അറിയിച്ച് മുഖ്യമന്ത്രിയുടെ വിളി വന്നത്. ചര്‍ച്ച കഴിയുന്നതുവരെ മറ്റു തീരുമാനങ്ങളിലേക്ക് പോകരുതെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച കഴിഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റും എക്‌സിക്യൂട്ടീവ് വീണ്ടും ചേരും.

മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയും പങ്കെടുക്കുന്ന അടിയന്തര സെക്രട്ടേറിയറ്റ് യോഗം തിരുവനന്തപുരത്ത് ചേര്‍ന്നിരുന്നു. പിഎം ശ്രീ യില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സെക്രട്ടേറിയറ്റ് തീരുമാനം. പിഎം ശ്രീയുമായി സിപിഐഎം മുന്നോട്ട് പോകാന്‍ തീരുമാനിച്ചു.

എല്‍ഡിഎഫിന്റെ ഭാഗമാണ് സിപിഐയും സിപിഐഎമ്മുമെന്നും മുഖ്യമന്ത്രി വിളിച്ചാല്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.

പിഎം ശ്രീയില്‍ ശരിയായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐയുടെ കമ്മറ്റി കൂടാന്‍ പോവുകയാണെന്നും ആ കമ്മിറ്റി ആശയപരമായും രാഷ്ട്രീയമായും ഏറ്റവും ശരിയായ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചയുടെ എല്ലാ വാതിലും എല്‍ഡിഎഫില്‍ എപ്പോഴും ഉണ്ടാകും. അത് തുറന്നു കിടക്കും. എല്‍ഡിഎഫ് എല്‍ഡിഎഫാണ്. ആശയ അടിത്തറയുണ്ട്, രാഷ്ട്രീയ അടിത്തറയുണ്ട്, പരസ്പര ബന്ധങ്ങളുണ്ട്. ചര്‍ച്ചകള്‍ ഉണ്ടാകും – അദ്ദേഹം പറഞ്ഞു.