പിഎം ശ്രീയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടില്ലെന്ന് ബിനോയ് വിശ്വം. എല്‍ഡിഎഫിന്റെ ഭാഗമാണ് സിപിഐയും സിപിഐഎമ്മുമെന്നും മുഖ്യമന്ത്രി വിളിച്ചാല്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പിഎം ശ്രീയില്‍ ശരിയായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐയുടെ കമ്മറ്റി കൂടാന്‍ പോവുകയാണെന്നും ആ കമ്മിറ്റി ആശയപരമായും രാഷ്ട്രീയമായും ഏറ്റവും ശരിയായ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചയുടെ എല്ലാ വാതിലും എല്‍ഡിഎഫില്‍ എപ്പോഴും ഉണ്ടാകും. അത് തുറന്നു കിടക്കും. എല്‍ഡിഎഫ് എല്‍ഡിഎഫാണ്. ആശയ അടിത്തറയുണ്ട്, രാഷ്ട്രീയ അടിത്തറയുണ്ട്, പരസ്പര ബന്ധങ്ങളുണ്ട്. ചര്‍ച്ചകള്‍ ഉണ്ടാകും – അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി വിളിച്ചുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പി എം ശ്രീയില്‍ കരാറില്‍ നിന്ന് പിന്നോട്ട് പോകുക പ്രയാസമെന്ന് മുഖ്യമന്ത്രി അറിയിച്ചതായായിരുന്നു വിവരം.ഫണ്ട് പ്രധാനമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും വിവരമുണ്ട്. കടുത്ത തീരുമാനങ്ങള്‍ പാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയോടും ബിനോയ് വിശ്വം എതിര്‍പ്പ് ആവര്‍ത്തിച്ചുവെന്നാണ് വിവരം. ഒപ്പിട്ടത് ശരിയായില്ലെന്ന് ആവര്‍ത്തിച്ചു.
സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവിന് മുന്‍പ് മുഖ്യമന്ത്രി സിപിഐ നേതാക്കളുമായി സംസാരിച്ചേക്കുമെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. ബിനോയ് വിശ്വവും മുഖ്യമന്ത്രിയും ഇന്ന് ഒരേ വേദിയിലെത്തുന്നുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റും വിവാദം ചര്‍ച്ച ചെയ്യും. അവയ്ലബിള്‍ പിബിയും ഇന്ന് ചേരും.









