‘CPI-CPIM ബന്ധം ദൃഡപ്പെടുത്താൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു; LDFന് മുന്നാമൂഴം ഉണ്ടാകും’; ബിനോയ് വിശ്വം

സിപിഐ – സിപിഐഎം ബന്ധം ദൃഡപ്പെടുത്താൻ സിപിഐ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫിന് മുന്നാമൂഴം ഉണ്ടാകും. അതിനായി സിപിഐ എല്ലാ ബന്ധുക്കളെയും ചേർത്തുപിടിക്കും. പ്രത്യയശാസ്ത്ര, രാഷ്ട്രീയ ഐക്യം ഉണ്ടാവണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

എൽഡിഎഫ് രാഷ്ട്രീയത്തിന്റെ വഴികാട്ടിയാണ് സിപിഐ. ഇടതുപക്ഷ ഐക്യത്തിനായി അധികാരം വലിച്ചെറിഞ്ഞ പാർട്ടിയാണ് സിപിഐ എന്ന് ബിനോയ് വിശ്വം പറഞ്ഞു. യുഡിഎഫിന് സ്വന്തം രാഷ്ട്രീയത്തിന്റെ മർമം തിരിച്ചറിയാകാനാകുന്നില്ലെന്നും കോൺ‌​ഗ്രസ് വർഗീയ സംഘടനകളെ കൂട്ടുപിടിക്കുന്നുവെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.

സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ വീണ്ടും തിരഞ്ഞെടുത്തിരുന്നു. ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ ഐകകണ്ഠേനെയാണ് ബിനോയ് വിശ്വത്തെ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തത്. കമ്മ്യൂണിസ്റ്റ് പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റുമെന്നും പ്രവർത്തകരാണ് പാർട്ടിയുടെ ശക്തിയെന്നും ബിനോയ് വിശ്വം പറഞ്ഞു. എല്ലാവരും ഒരേ മനസോടെ പ്രവർത്തിക്കും. ശിരസ് താഴ്ത്തുക ജനങ്ങൾക്ക് മുൻപിൽ മാത്രമായിരിക്കുമെന്ന് ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

സംസ്ഥാന സമ്മേളനത്തിൽ ഉപരി കമ്മിറ്റി പ്രതിനിധികളായി പങ്കെടുത്ത ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളുടെ യോഗത്തിലാണ് ബിനോയ് വിശ്വം സെക്രട്ടറിയായി തുടരട്ടെ എന്ന ധാരണയുണ്ടായത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ടെ സംസ്ഥാന കൗൺസിലിൻ്റെ ആദ്യ യോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ , നിർദ്ദേശം അവതരിപ്പിച്ചു. കൗൺസിൽ അംഗങ്ങൾ ഒന്നടങ്കം അംഗീകരിച്ചതോടെയാണ് ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയായി ഐക്യകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടത്. കാനം രാജേന്ദ്രന്റെ ആകസ്മിക നിര്യാണത്തിന് പിന്നാലെ സെക്രട്ടറി പദത്തിലെത്തിയ ബിനോയ് വിശ്വം ഇതാദ്യമായാണ് സമ്മേളനത്തിലൂടെ പാർട്ടിയുടെ നായക പദവിയിൽ എത്തുന്നത്.