കേന്ദ്രവിദ്യഭ്യാസ പദ്ധതി പിഎം ശ്രീയില്‍ നിലപാട് കടുപ്പിച്ച് സിപിഐ. പദ്ധതി കേരള സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പിഎം ശ്രീ പദ്ധതിയുമായി സിപിഐഎം മുന്നോട്ടുപോകുമെന്ന് കരുതുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
സിപിഐക്കും സിപിഐഎമ്മിനും ഒരേ കാഴ്ചപ്പാടാണ് വിഷയത്തിലുള്ളത്. ആ കാഴ്ചപ്പാട് എന്‍ഇപി ( ദേശീയ വിദ്യാഭ്യാസ നയം) എന്ന ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാന്‍ സാധ്യമല്ല എന്നാണ്. ഫണ്ടും എന്‍ഇപിയും തമ്മില്‍ ബന്ധമുണ്ട്. എന്‍ഇപിയുടെ സ്‌കീം പൂര്‍ണമായി നടപ്പിലാക്കാതെ ഫണ്ട് കിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. സിക്‌സ് പില്ലേഴ്‌സിനെ കുറിച്ച് പിഎം ശ്രീയുമായി ബന്ധപ്പെട്ട എല്ലാ കുറിപ്പുകളിലും വ്യക്തമാക്കുന്നുണ്ട്. അതില്‍ ഒന്നാമത്തെത് എന്‍ഇപിയാണ്. ആശയപരമായും രാഷ്ട്രീയപരമായും ആര്‍എസ്എസിനെ എതിര്‍ക്കുന്ന ഇന്ത്യയിലെ പ്രധാനപ്പെട്ട പാര്‍ട്ടിയാണ് സിപിഐഎം. അതുകൊണ്ട് സിപിഐഎം ആര്‍എസ്എസ് പരിപാടിയെ പിന്തുണയ്ക്കാന്‍ പോകുന്നില്ല – അദ്ദേഹം പറഞ്ഞു.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഇന്നലത്തെ പരിഹാസമറുപടിയും ബിനോയ് വിശ്വം ഇന്ന് തള്ളിക്കളഞ്ഞു. അത് അരാഷ്ട്രീയ മറുപടിയെന്നും ബിനോയ് വിശ്വം പറഞ്ഞു. അത്തരമൊരു അരാഷ്ട്രീയ ചോദ്യം ചോദിക്കാനുള്ള ആളല്ല സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറി എന്നെനിക്ക് അറിയാം. സിപിഐഎമ്മിന്റെ സ്റ്റേറ്റ് സെക്രട്ടറിയുടെ രാഷ്ട്രീയ ആശയ നിലവാരത്തിന് നിരയ്ക്കാത്ത ചോദ്യം എം വി ഗോവിന്ദന്‍ ചോദിക്കില്ല എന്നെനിക്ക് ഉറപ്പുണ്ട് – അദ്ദേഹം പറഞ്ഞു.
വിവാദങ്ങള്‍ക്കിടെ സംസ്ഥാനമന്ത്രിസഭാ യോഗം ചേരുകയാണ്. വിഷയം അജയണ്ടയിലില്ലെങ്കിലും ചര്‍ച്ചയ്ക്ക് വന്നാല്‍ എതിര്‍ക്കാനാണ് സിപിഐ മന്ത്രിമാരുടെ തീരുമാനം. സിപിഐ സംസ്ഥാന നേതൃയോഗങ്ങളും ഇന്ന് ചേരുന്നുണ്ട്. മന്ത്രിസഭായോഗത്തില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ മന്ത്രിമാര്‍ ആശങ്ക അറിയിച്ചു. പദ്ധതിയില്‍ ഒപ്പിടുന്നതായി മാധ്യമങ്ങളില്‍ കാണുന്നുഎന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് ആശങ്കയുണ്ടെന്ന് സിപിഐ മന്ത്രിമാര്‍ വ്യക്തമാക്കിയെന്നാണ് വിവരം.







