പിഎം ശ്രീ: എതിര്‍പ്പ് തുടരാന്‍ സിപിഐ എക്‌സിക്യൂട്ടീവ് തീരുമാനം

പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനവുമായി ബന്ധപ്പെട്ട തങ്ങളുടെ എതിര്‍പ്പില്‍ ഉറച്ചുനില്‍ക്കാന്‍ സിപിഐ. നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ സിപിഐ എക്‌സിക്യൂട്ടീവില്‍ തീരുമാനം. പിഎം ശ്രീയുടെ മറവില്‍ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കാനാണ് നീക്കമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിപിഐ എതിര്‍പ്പുമായി രംഗത്തെത്തിയത്.

ഇന്ന് ചേര്‍ന്ന സിപിഐയുടെ സംസ്ഥാന എക്‌സിക്യൂട്ടീവിലും സംസ്ഥാന സെക്രട്ടേറിയറ്റിലും പ്രധാന ചര്‍ച്ചാ വിഷയം പിഎം ശ്രീ തന്നെയായിരുന്നു. മുന്‍ നിലപാടില്‍ ഒരു തരത്തിലും വിട്ടുവീഴ്ച വേണ്ടെന്ന് തന്നെയാണ് യോഗത്തില്‍ തീരുമാനമായിരിക്കുന്നത്. ഇതിനെ ഒരു തരത്തിലും സിപിഐഎം- സിപിഐ അഭിപ്രായ ഭിന്നതയായി കാണേണ്ടതില്ലെന്നും വര്‍ഗീയതയ്‌ക്കെതിരായ നിലപാടിന്റെ പ്രശ്‌നമാണിതെന്നുമാണ് നേതാക്കളുടെ അഭിപ്രായം. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ വര്‍ഗീയതയ്‌ക്കെതിരെ പോരാട്ടത്തിലാണ്. ഇങ്ങനെ വര്‍ഗീയതയ്‌ക്കെതിരെ ഒരു ചേരി വര്‍ഗീയ വിരുദ്ധ ചേരി രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതിയുമായി യോജിച്ചുകൊണ്ട് ഈ പോരാട്ടങ്ങളെ ദുര്‍ബലപ്പെടുത്തരുതെന്നാണ് സിപിഐ നേതാക്കളുടെ പൊതുവായ അഭിപ്രായം.

പിഎം ശ്രീയില്‍ ഒപ്പിടാനുളള നീക്കത്തില്‍ മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാരും ആശങ്കയറിയിച്ചിരുന്നു. പദ്ധതി നടപ്പിലാക്കുന്നതിനെ കുറിച്ച് മാധ്യമങ്ങളില്‍ കാണുന്നെന്നും ചര്‍ച്ചയില്ലാതെ തീരുമാനമെടുക്കുന്നതില്‍ ആശങ്കയുണ്ടെന്നുമാണ് സിപിഐ മന്ത്രിമാര്‍ അറിയിച്ചത്. പിഎം ശ്രീ പദ്ധതി കേരളത്തിലെ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു.