കേരളത്തിലെ കോണ്‍ഗ്രസില്‍ അധികാരമത്സരം കൂടുതല്‍ ശക്തിപ്രാപിക്കുന്നു. മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, എ ഐ സി സി സി ജന.സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവര്‍ തമ്മിലാണ് പോരാട്ടം കനക്കുന്നത്. യു ഡി എഫ് അധികാരത്തിലെത്തിയാല്‍ ആരാവും ക്യാപ്റ്റന്‍ എന്നതിനെ ചൊല്ലിയാണ് കോണ്‍ഗ്രസില്‍ ശീതസമരം ശക്തമായിരിക്കുന്നത്. ആലപ്പുഴ എം പി കൂടിയായ കെ സി വേണുഗോപാല്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ വരാനുള്ള ഒരുക്കത്തിലാണെന്നാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍.
കെ സിയുടെ വരവില്‍ ഇരു നേതാക്കളും അസ്വസ്ഥരാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന കണക്കൂകൂട്ടലുകള്‍ക്കിടയിലാണ് നേതാക്കല്‍ തമ്മിലുള്ള വടംവലി കൂടുതല്‍ രൂക്ഷമാവുന്നത്. താന്‍ ഒരു കസേരയും ലക്ഷ്യമിട്ടല്ല കേരളത്തില്‍ വരുന്നതെന്നും, ഞാന്‍ ആലപ്പുഴ എം പി എന്ന നിലയില്‍ കേരളത്തില്‍ സജീവമാണെന്നുമാണ് കെ സി ആരോപണങ്ങളില്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ അത് അത്ര എളുപ്പത്തില്‍ വിശ്വാസത്തില്‍ എടുക്കാന്‍ മറ്റു നേതാക്കള്‍ തയ്യാറല്ല
തല്‍പ്പരകക്ഷികളെ ഭാരാവാഹികളായി കൊണ്ടുവന്ന് പാര്‍ട്ടിയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമം കെ സി നടത്തുന്നുവെന്ന ആരോപണം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇടയില്‍ സജീവ ചര്‍ച്ചയായിരിക്കയാണ്. സംസ്ഥാനത്ത് സ്വന്തം സ്ഥാനം ഉറപ്പിക്കാനായി കെ സി വേണുഗോപാല്‍ സ്വന്തം ഗ്രൂപ്പുണ്ടാക്കുകയാണെന്നും, അടുത്ത തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടാണ് നീക്കങ്ങളെന്നുമാണ് വി ഡി സതീശന്‍ പക്ഷത്തിന്റെ വിലയിരുത്തല്‍. ഈ ആരോപണം കുറച്ചുകാലമായി കോണ്‍ഗ്രസില്‍ സജീവ ചര്‍ച്ചയിലുണ്ട്. ഇതാണ് കെ പി സി സി പുന:സംഘടനയുമായി ബന്ധപ്പെട്ട് അഭിപ്രായ ഭിന്നത രൂക്ഷമാവാന്‍ കാരണം.
അടുത്ത ദിവസം നടക്കേണ്ടിയിരുന്ന കെ പി സി സി ഭാരവാഹികളുടെ ആദ്യ യോഗം മാറ്റിവച്ചതിന് പിന്നിലും നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതയാണെന്നാണ് ഉയരുന്ന ആരോപണം. കെ പി സി സി പുന:സംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസില്‍ ഉടലെടുത്തിരിക്കുന്ന അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാന്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായ കെ സി വേണുഗോപാലിനെ ഹൈക്കമാന്റ് ചുമതലപ്പെടുത്തിയിരുന്നു. കെ പി സി സി ഭാരവാഹികളുടെ ആദ്യ യോഗത്തിന് മുന്‍പായി വിഷയങ്ങള്‍ പരിഹിരിക്കാനും, അഭിപ്രായ ഭിന്നതകള്‍ പരിഹരിച്ച് തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് നീങ്ങാനുമായിരുന്നു പാര്‍ട്ടി തീരുമാനം. എന്നാല്‍ വി ഡി സതീശനടക്കം ചില പ്രമുഖനേതാക്കള്‍ വിയോജിപ്പ് പ്രകടിപ്പിച്ചതോടെ കെ പി സി സി യോഗം മാ്റ്റിവെക്കാന്‍ കെപിസിസി അധ്യക്ഷനോട് ഹൈക്കമാന്റ് ആവശ്യപ്പെടുകയായിരുന്നു. കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ ശോഭിക്കാന്‍ തുടക്കം മുതല്‍ സണ്ണി ജോസഫിന് കഴിയാത്തതും ഭിന്നത വര്‍ധിക്കാന്‍ കാരണമായിരിക്കയാണ്. ആസന്നമായിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുകയെന്ന ചുമതലയാണ് കെ പി സി സി അധ്യക്ഷനും പ്രതിപക്ഷ നേതാവിനും കെപിസിസി ഭാരവാഹികള്‍ക്കും ഉള്ളത്. എന്നാല്‍ ഗ്രൂപ്പു പോരാട്ടം ശക്തമായതോടെ തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ കടന്നിട്ടില്ല.
സംസ്ഥാനത്ത് ഉടന്‍ നടക്കാനിരിക്കുന്ന തദ്ദേശം തിരഞ്ഞെടുപ്പില്‍ കൂടുതല്‍ നേട്ടം കൈവരിക്കാനും നഷ്ടപ്പെട്ട കൊച്ചി, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഭരണം തിരിച്ചു പിടിക്കാനും നേതാക്കള്‍ ഒറ്റക്കെട്ടായി നീങ്ങണമെന്നായിരുന്നു ഹൈക്കമാന്റ് നിര്‍ദേശം. വയനാട്ടില്‍ നടന്ന കെ പി സി സി ഭാരവാഹികളുടെ യോഗത്തില്‍ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള ആറ് കോര്‍പ്പറേഷനുകളുടെ ചുമതലകള്‍ ഓരോ നേതാക്കള്‍ക്കായി നല്‍കിയിരുന്നു. ജില്ലാ പഞ്ചായത്തുകളിലും നേതാക്കള്‍ക്ക് ചുമതലകള്‍ നല്‍കിയിരുന്നു. എന്നാല്‍ നേതാക്കല്‍ തമ്മിലുണ്ടായ അഭിപ്രായ ഭിന്നതകള്‍ കാരണം ചുമതലക്കാരുടെ യോഗം ഒരിക്കല്‍പോലും വിളിച്ചു ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ രമേശ് ചെന്നിത്തല സ്വന്തം നിലയില്‍ ചില വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നതോടെ ചെന്നിത്തല മുഖ്യചര്‍ച്ചാവിഷയമായിമാറി. സാമുദായിക സംഘടനകളും മറ്റും ചെന്നിത്തലയുമായി ഐക്യം പ്രഖ്യാപിക്കുകയും ചെയ്തതോടെ ആരായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന ചോദ്യവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞു. പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടു പി്ന്നാലെയായിരുന്നു വിവാദം. ചെന്നിത്തല വിഭാഗവും, സതീശന്‍ വിഭാഗവും പരസ്പരം ചേരിതിഞ്ഞുള്ള ആരോപണവും, ഒപ്പം കെ സുധാകരനും പ്രതിപക്ഷ നേതാവുമായുള്ള അനൈക്യവും, കോണ്‍ഗ്രസില്‍ വീണ്ടും ചര്‍ച്ചയായിമാറി. ഇതോടെയാണ് കെ സുധാകരനെ മാറ്റി, പുതിയ അധ്യക്ഷനെ നിയമിക്കാന്‍ ഹൈക്കമാന്റ് തീരുമാനിച്ചത്. ആറു മാസത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ കെ സുധാകരന്‍ മാറിയെങ്കിലും പുനസംഘടനയുമായി ബന്ധപ്പെട്ടുന്ന തര്‍ക്കം ഇപ്പോഴും തുടരുകയാണ്. കെ പി സി സി പുനസംഘടനയ്ക്ക് പുറമെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് അബിന്‍ വര്‍ക്കിയെ പരിഗണിക്കാത്തതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളും കോണ്‍ഗ്രസിലെ ഐക്യത്തെ തകര്‍ത്തിരിക്കയാണ്.
നിലമ്പൂര്‍ തിരഞ്ഞെടുപ്പ് കാലത്ത് വി ഡി സതീശനെ ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിച്ചതിനെതിരെ ചെന്നിത്തല വിഭാഗം എതിർത്തിരുന്നു. ഇതും നേതാക്കള്‍ തമ്മിലുള്ള അകല്‍ച്ച വര്‍ധിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എം എല്‍ എയുമായ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണവും, യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നുള്ള രാജിയും കോണ്‍ഗ്രസ് ഗ്രൂപ്പിസത്തെ വീണ്ടും ശക്തിപ്പെടുത്തി.
കേരളത്തിലെ കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പിസം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാനും, ചാണ്ടി ഉമ്മന്‍, അബിന്‍ വര്‍ക്കി വിഷയത്തില്‍ സഭാ നേതൃത്വവുമായുള്ള വിഷയങ്ങള്‍ പരിഹരിക്കാനും, സിറോ മലബാര്‍ സഭാ ബിഷപ്പ് റാഹേല്‍ തട്ടില്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ ചര്‍ച്ച നടത്താനും ഹൈക്കമാന്റ് കെ പി സി സി നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കയാണ്. സാമുദായിക സംഘടനകളുമായുള്ള ബന്ധം ശക്തിപ്പെടുത്താനും അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാനും ഹൈക്കമാന്റ് നിര്‍ദേശം വന്നതോടെ നേതാക്കള്‍ തമ്മിലുള്ള പോരാട്ടത്തില്‍ വെടി നിര്‍ത്തല്‍ ഉണ്ടാവുമോ എന്നാണ് പ്രവര്‍ത്തകര്‍ ആകാംഷയോടെ ഉറ്റുനോക്കുന്നത്.






