സര്‍ഫ്രാസ് ഖാനെ ഉള്‍പ്പെടുത്താത്തത് ആ പേര് കൊണ്ടാണോ; ഗൗതംഗംഭീറിനെ വിമര്‍ശിച്ച് വിവാദങ്ങള്‍ക്ക് തുടക്കമിട്ട് ക്ഷമ മുഹമ്മദ്

ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ നാല് ദിവസത്തെ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സര്‍ഫറാസ് ഖാനെ ടീമിലുള്‍പ്പെടുത്താത്തതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ദേശീയ വക്താവ് ഡോ. ക്ഷമ മുഹമ്മദ്. സര്‍ഫറാസിനെ തിരഞ്ഞെടുക്കാത്തത് അദ്ദേഹത്തിന്റെ കുടുംബപ്പേര് ഒരു പ്രശ്‌നമായത് കൊണ്ടാണോ എന്നാണ് ക്ഷമ മുഹമ്മദ് എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെ പരിശീലകനായ ഗൗതം ഗംഭീറിനെ വിമര്‍ശിച്ച് ചോദിക്കുന്നത്. 28-കാരനായ വലംകൈയ്യന്‍ ബാറ്റ്സ്മാനായ താരത്തിനോടുള്ള അവഗണനയില്‍ ആശ്ചര്യമുണ്ട്. സര്‍ഫ്രാസിന്റെ മികച്ച ഫസ്റ്റ് ക്ലാസ് ശരാശരി 56 മത്സരങ്ങളില്‍ നിന്ന് 65.19 ആണ്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരായ ഹോം പരമ്പരയിലൂടെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച സര്‍ഫറാസ് ആറ് ടെസ്റ്റുകളില്‍ നിന്ന് 37.10 ശരാശരിയില്‍ 371 റണ്‍സ് നേടിയിയിരുന്നു. മൂന്ന് അര്‍ദ്ധസെഞ്ച്വറികളും ഒരു സെഞ്ച്വറിയും ഉള്‍പ്പെടെയായിരുന്നു ഈ നേട്ടം. ഇതിന് പുറമെ ബെംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരെ നടന്ന മത്സരത്തില്‍ നേടിയ 150 റണ്‍സാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനമായി കണക്കാക്കുന്നത്. എന്നാല്‍ ഈ പരമ്പരയ്ക്ക് ശേഷം സര്‍ഫ്രാസ് ഖാന്‍ കളിച്ചിട്ടില്ലെന്നും ക്ഷമ മുഹമ്മദ് ചൂണ്ടിക്കാണിക്കുന്നു.

ക്ഷമ മുഹമ്മദിന്റെ പോസ്റ്റ് വിവാദമായതിന് പിന്നാലെ ഭരണകക്ഷിയായ ബിജെപി വക്താവിന്റെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ കോണ്‍ഗ്രസ് നേതാവിനെതിരെയുള്ള പോസ്റ്റും പ്രത്യക്ഷപ്പെട്ടു. കോണ്‍ഗ്രസിനെയും ക്ഷമ മുഹമ്മദിനെയും ‘രോഗി’ എന്ന് വിളിച്ച ബിജെപി വക്താവ് ഇന്ത്യയെ വര്‍ഗീയമായി വിഭജിക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

ബിജെപി വക്താവിന്റെ പോസ്റ്റ് ഇങ്ങനെ: ”ഈ സ്ത്രീയും അവരുടെ പാര്‍ട്ടിയും രോഗിയാണ്. രോഹിത് ശര്‍മ്മയെ തടിയനെന്ന് വിളിച്ചതിന് ശേഷം അവരും അവരുടെ പാര്‍ട്ടിയും നമ്മുടെ ക്രിക്കറ്റ് ടീമിനെ പോലും വര്‍ഗീയമായി വിഭജിക്കാന്‍ ആഗ്രഹിക്കുന്നു. മുഹമ്മദ് സിറാജും ഖലീല്‍ അഹമ്മദും ഒരേ ടീമില്‍ കളിക്കും! ഇന്ത്യയെ വര്‍ഗീയമായും ജാതിയായും വിഭജിക്കുന്നത് നിര്‍ത്തുക”.

അതേ സമയം താരത്തിനെ ഒഴിവാക്കാനുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം മറ്റുതലങ്ങളിലും വിമര്‍ശിക്കപ്പെട്ടു. മുംബൈയില്‍ നിന്നുള്ള മികച്ച ബാറ്റ്സ്മാന്‍മാരില്‍ ഒരാളായ സര്‍ഫ്രാസിനെ ഇപ്പോള്‍ രണ്ടാം നിര ടീമിലേക്ക് പരിഗണിക്കുന്നുണ്ടോ എന്നാണ് പലരും ചോദിക്കുന്നത്.