വയനാട് മുട്ടില്‍ മരംമുറി കേസില്‍ വനം വകുപ്പ് പിടിച്ചെടുത്ത തടികള്‍ മഴയേറ്റ് നശിക്കുന്നു. 15 കോടി രൂപ വില നിശ്ചയിച്ച മരങ്ങളാണ് നശിക്കുന്നത്. തുറസായ സ്ഥലത്താണ് ഈട്ടി അടക്കമുള്ള മരങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്. മരം ലേലം ചെയ്യാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നാണ് വനം വകുപ്പിന്റെ വിശദീകരണം.
അഞ്ച് വര്‍ഷമായി മരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത് വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയിലാണ്. മരങ്ങള്‍ സംരക്ഷിക്കണമെന്ന ജില്ലാ കോടതി ഉത്തരവും വനം വകുപ്പ് പാലിച്ചില്ല. ലേലം ചെയ്ത് തുക കോടതിയില്‍ കെട്ടി വയ്ക്കുന്ന കാര്യത്തിലും വനം വകുപ്പ് തീരുമാനം കൈക്കൊണ്ടിട്ടില്ല.
മുട്ടില്‍ മരം മുറി കേസില്‍ കര്‍ഷകര്‍ക്കെതിരായ നടപടിയുണ്ടാകില്ല എന്ന റവന്യൂമന്ത്രിയുടെ വാദം കേസിലെ മുന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വക്കറ്റ് ജോസഫ് മാത്യു ഇന്നലെ തള്ളിയിരുന്നു. പ്രതികള്‍ക്ക് മരം നല്‍കിയ ഭൂവുടമകളായ കര്‍ഷകര്‍ക്കെതിരെ നടപടിയുമായി റവന്യൂവകുപ്പ് മുന്നോട്ടുപോകുന്നു എന്നതിന് തെളിവാണ് നല്‍കിയ നോട്ടീസ് എന്ന് ജോസഫ് മാത്യു ട്വന്റിഫോറിനോട് പറഞ്ഞു. വനംവകുപ്പ് കസ്റ്റഡിയിലെടുത്ത മരങ്ങള്‍ ലേലം ചെയ്ത് തുക പൊതുഖജനാവില്‍ സൂക്ഷിക്കാനുള്ള നടപടി ഇതുവരെ സ്വീകരിച്ചിട്ടില്ല. കേസ് ദുര്‍ബലമാണെന്നും പുനരന്വേഷണം നടത്തി പഴുതടച്ച കുറ്റപത്രം നല്‍കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം വ്യക്തമാക്കി
മുട്ടില്‍ മരം മുറി കേസില്‍ കെഎല്‍സി ചട്ടപ്രകാരം മരം വില്‍പന നടത്തിയ കര്‍ഷകര്‍ നടപടികളില്‍നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് 2023ല്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇത് തള്ളിയാണ് മാനന്തവാടി സബ് കലക്ടര്‍ അപാകത പരിഹരിച്ച് വീണ്ടും അപ്പീല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം പതിനൊന്നിന് വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്. കര്‍ഷകര്‍ക്കെതിരെ നടപടിയുണ്ടാകില്ലെന്ന് റവന്യൂമന്ത്രി ആവര്‍ത്തിക്കുമ്പോഴും ഉദ്യോഗസ്ഥര്‍ നടപടിയുമായി മുന്നോട്ടുപോകുന്നതിന് തെളിവാണ് നോട്ടീസ് എന്ന് അഡ്വ. ജോസഫ് മാത്യു പറഞ്ഞു. 37 കേസുകളില്‍ കെഎല്‍സി പ്രകാരം പിഴ ഈടാക്കാനായി നടപടികള്‍ സ്വീകരിക്കാന്‍ ഉള്ള ഉത്തരവ് മുട്ടില്‍ വില്ലേജ് ഓഫീസിലേക്ക് അയച്ചതായി വൈത്തിരി തഹസില്‍ദാര്‍ നല്‍കിയ വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നുണ്ട്. കര്‍ഷകര്‍ക്കെതിരെ നടപടി വേണ്ട എന്ന് റവന്യൂ സെക്രട്ടറിയും ലാന്‍ഡ് റവന്യൂ സെക്രട്ടറിയും ഉത്തരവിറക്കുകയാണ് വേണ്ടത്.
കേസില്‍ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത 15 കോടിരൂപ വിലവരുന്ന മരങ്ങള്‍ എന്തുകൊണ്ടാണ് ലേലം ചെയ്യാനുള്ള നടപടി വൈകുന്നതെന്നും ജോസഫ് മാത്യു ചോദിച്ചിരുന്നു. വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത 49 കേസുകളില്‍ ഇത്രകാലമായിട്ടും കുറ്റപത്രം നല്‍കിയിട്ടില്ല എന്നത് വലിയ വീഴ്ചയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.






