പാലക്കാട് ബിജെപിയിലെ വിഭാഗീയത മുതലെടുക്കാന്‍ കോണ്‍ഗ്രസ്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കൊപ്പം പരിപാടിയില്‍ പങ്കെടുത്ത നഗരസഭാ അധ്യക്ഷ പ്രമീള ശശിധരനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് ബ്ലോക് കമ്മിറ്റി പ്രസിഡന്റ് സി വി സതീഷ്.
പ്രമീളാ ശശിധരന്‍ പാലക്കാട് എംഎല്‍എയുമായി വേദി പങ്കിട്ടതിന്റെ പേരില്‍ ബിജെപി നടപടി സ്വീകരിക്കുകയാണെങ്കില്‍ അവരെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തയാറാണ്. അതില്‍ യാതൊരു സംശയവുമില്ല – അദ്ദേഹം പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജില്ലയിലെ വിഭാഗീയതയില്‍ വെട്ടിലായിരിക്കുകയാണ് ബിജെപി. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കൊപ്പം പരിപാടിയില്‍ പങ്കെടുത്തതില്‍ ബിജെപി നേതൃത്വത്തിന് പ്രമീള ശശിധരന്‍ വിശദീകരണം നല്‍കി. പ്രമീള ശശിധരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന നിലപാടിലാണ് സി കൃഷ്ണകുമാര്‍.
ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം പൊതുപരിപാടിയില്‍ പങ്കെടുത്ത പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്റേത് ഗുരുതര വീഴ്ചയെന്ന് ബിജെപി വിലയിരുത്തല്‍. ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ തന്നെ രാഹുലിനെ വിലക്കാന്‍ ബിജെപി തീരുമാനിച്ചതിന്റെ തെളിവുകള്‍ പുറത്തുവന്നു.
ഓഗസ്റ്റില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കരുത് എന്നാവശ്യപ്പെട്ട് രാഹുലിന് നഗരസഭ ഉപാധ്യക്ഷന്‍ അഡ്വ ഇ കൃഷ്ണദാസ് നല്‍കിയ കത്താണ് പുറത്തുവന്നത്.
ലൈംഗീക ആരോപണ വിവാദങ്ങള്‍ ഉയര്‍ന്ന ദിവസം മുതല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ബിജെപി പ്രതിഷേധവുമായി രംഗത്തുണ്ട്. ഇതിനിടെയാണ് രാഹുല്‍ പങ്കെടുത്ത പൊതു പരിപാടിയില്‍ ബിജെപി ഭരിക്കുന്ന നഗരസഭ ചെയര്‍പേഴ്‌സണ്‍ തന്നെ പങ്കെടുത്തത്.






