പഴയതും പുതിയതുമായ കേസുകള്‍ വാരി പുറത്തേക്കിട്ട് പരസ്പരം തര്‍ക്കിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും; എന്താകും വി ഡി സതീശന്റെ ‘കേരളം ഞെട്ടുന്ന ബോംബ്?’

ആരോപണവും പ്രത്യാരോപണവുമായി നേതാക്കള്‍ രംഗത്തെത്തിയതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ കേസ് രാഷ്ട്രീയ പോരിന് വഴിമാറുന്നു. പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും പരസ്പരം പുതിയതും പഴയതുമായ കേസുകള്‍ വാരിവലിച്ച് പുറത്തിട്ട് പരസ്പരം സമര്‍ത്ഥിക്കുകയാണ്.

ലൈംഗിക ആരോപണ കേസില്‍ അകപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ കേരളത്തിലെ എല്ലാ പൊതുപ്രവര്‍ത്തകര്‍ക്കും നാണക്കേടാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം.
വാര്‍ത്താസമ്മേളനത്തിനിടയിലായിരുന്നു രാഹുല്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. എല്ലാ വാര്‍ത്താ മാധ്യമങ്ങളും രാഹുല്‍ വിഷയത്തില്‍ നല്ല രീതിയിലാണ് ഇടപെട്ടത് എന്നും ഈ നില തുടരേണ്ടതുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഗുരുതരമായ ആരോപണമാണ് രാഹുലിനെതിരെ ഉയര്‍ന്നിരിക്കുന്നത്, ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തുന്നതും ഗര്‍ഭഛിദ്രം നടത്താനും, വേണ്ടിവന്നാല്‍ കൊല്ലാനും തയ്യാറാണെന്ന ശബ്ദ സന്ദേശം പ്രചരിച്ചതും ആ വ്യക്തിയുടെ ക്രിമിനല്‍ സ്വഭാവമാണ് വെളിപ്പെടുന്നതെന്നും, ഈ വിഷയത്തില്‍ നിയമപരമായ നടപടി ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഒരു പരാതിയും ഉയരാത്ത സാഹചര്യത്തില്‍ ധാര്‍മികതയുടെ പേരിലാണ് രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചതെന്നും, സിപിഐഎമ്മിന്റെ രണ്ട് എംഎല്‍എമാര്‍ക്കെതിരെ ഇത്തരം പരാതി ഉയര്‍ന്നപ്പോള്‍ സംരക്ഷിച്ചു നിര്‍ത്തുകയാണ് ഉണ്ടാതതെന്നും പരാതി കൈകാര്യം ചെയ്തത് സി പി എമ്മിന്റെ കോടതിയായിരുന്നു. സി പി ഐഎമ്മിന്റെ സമുന്നതനായ ഒരു നേതാവ് നല്‍കിയ പരാതിയില്‍ ആരോപണ വിധേയന സംരക്ഷിക്കുകയും പരാതി ഉയര്‍ത്തിയ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും തരം താഴ്ത്തി മൂലയ്ക്കിരുത്തിയ നേതാവാണ് ഇപ്പോള്‍ കോണ്‍ഗ്രസിനെ ഉപദേശിക്കാന്‍ വരുന്നതെന്നുമായിരുന്നു വി ഡി സതീശന്റെ ആരോപണം.

തങ്ങളോട് കളിക്കരുതെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ വെല്ലുവിളി. കേരളം ഞെട്ടുന്ന ബോംബ് തങ്ങളുടെ കൈവശമുണ്ടെന്നും, ഇത് ഏതുനിമിഷവും പൊട്ടിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞുവെങ്കിലും ബോംബ് പൊട്ടിയില്ല. ബി ജെ പി സംസ്ഥാന ഉപാധ്യക്ഷന്‍ സി കൃഷ്ണകുമാറും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും വി ഡി സതീശന്റെ പ്രസ്താവനയ്ക്കെതിരെ കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു.

ഒരു ദിവസത്തിന് ശേഷമാണ് സി കൃഷ്ണകുമാറിനിതിരെ ഒരു പീഡന ആരോപണം ഉയരുന്നത്. രാവിലെ ഉയര്‍ന്ന ആരോപണമാണോ സതീശന്‍ പറഞ്ഞ ‘കേരളം ഞെട്ടുന്ന ബോംബ് ‘ എന്ന സംശയത്തിലായിരുന്നു പൊതുജനവും മാധ്യമങ്ങളും. എന്നാല്‍ അതല്ല ബോംബ് എന്നായിരുന്നു സതീശന്റെ തുടര്‍ വാര്‍ത്താ സമ്മേളനത്തിലൂടെ വ്യക്തമായത്. സി കൃഷ്ണ കുമാറിനെതിരെയുള്ള ബോംബിന് പിന്നില്‍ സന്ദീപ് വാര്യര്‍ ആണെന്ന് പിന്നീട് വ്യക്തമായി. ബോംബ് നനഞ്ഞപടക്കമായി തീരുന്നതും കാണാമായിരുന്നു.

ആരോപണങ്ങള്‍ കനക്കുന്നതിന് ഇടയിലാണ് വടകരയില്‍ യുവജന-വിദ്യാര്‍ത്ഥി സംഘടനകളെ മുന്നില്‍ നിര്‍ത്തി സിപിഐഎമ്മിന്റെ പ്രത്യാക്രമണം. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എസ്ഥാനത്ത് തുടരുന്നത് ഷാഫി പറമ്പിലിന്റെ സംരക്ഷണത്തിലാണെന്നാരോപിച്ചായിരുന്നു എം പിയെ വഴിയില്‍ തടഞ്ഞത്. സമരം പരസ്പരം ഭീഷണിപ്പെടുത്തുന്നതിലും തെറിവിളിയിലും കലാശിച്ചതോടെ പൊലീസ് ഇടപെട്ട് സ്ഥിതിഗതികള്‍ ശാന്തമാക്കുകയായിരുന്നു. വരും ദിവസങ്ങളില്‍ ഷാഫിക്കെതിരെ പ്രതിരോധം കടുപ്പിക്കാനുള്ള നീക്കത്തിലാണ് ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും.

ഇതോടെ രാഹുല്‍ വിഷയം രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള ആരോപണ-പ്രത്യാരോപണ വിഷയമായി മാറിയിരിക്കയാണ്. പീഡന വീരനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം ഒഴിയണമെന്നാണ് സിപിഐഎമ്മും ബിജെപിയും ഒരുപോലെ ആവശ്യപ്പെടുന്നത്.

ലൈംഗിക ആരോപണത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നും രാഹുല്‍ മാങ്കൂട്ടത്തെ മാറ്റി നിര്‍ത്തുകയും കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും സസ്പെന്റ് ചെയ്യുകയും ചെയ്തതോടെ വിഷയം അടഞ്ഞ അധ്യായമായിരിക്കയാണെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് അധ്യായം അടച്ചാലും എതിരാളികള്‍ അധ്യായം തുടരാനാണ് സാധ്യത. ലൈംഗികാരോപണ വിഷയത്തില്‍ കോണ്‍ഗ്രസ് മാതൃകാപരമായ നിലപാടാണ് സ്വീകരിച്ചതെന്നും, ഒരിടത്തും പരാതിയില്ലാതിരുന്നിട്ടും ആരോപണം ഉയര്‍ന്നപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തത്തെ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നും മാറ്റി. നിയമരപരമായി രാഹുലിനിതിരെ പരാതി ഉയരാത്ത സാഹചര്യത്തില്‍ എങ്ങനെ എം എല്‍ എസ്ഥാനത്തുനിന്നും മാറ്റി നിര്‍ത്തുമെന്നാണ് വി ഡി സതീശന്റെ മറു ചോദ്യം. സിപിഐഎമ്മിന്റെ രണ്ട് എം എല്‍ എമാര്‍ക്കെതിരെ പാര്‍ട്ടിയില്‍ റിട്ടണ്‍ കംപ്ലെയിന്റ് ലഭിച്ചിട്ടും ഒന്നും സംഭവിച്ചില്ല. ഒരു ഉന്നതന്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നു. ആരോപണ വിധേയരായ രണ്ടു ഘടകക്ഷി നേതാക്കള്‍ മന്ത്രിമാരായി ഇരിക്കുന്നു. പിണറായി പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസില്‍ പ്രതിയായ എംഎല്‍എ ഇപ്പോഴും നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നു. അതൊക്കെ പഴയ സംഭവമാണ് എന്നു പറഞ്ഞ് സംരക്ഷണ വലയം തീര്‍ക്കുന്നു. സ്വന്തം പാര്‍ട്ടിയിലെ വിഷയങ്ങളില്‍ ഒരു നിലപാട് മറ്റുള്ളവരുടെ കാര്യത്തില്‍ മറ്റൊരു നിലപാടും സ്വീകരിക്കരുതെന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം.

രാഹുല്‍ മാങ്കൂട്ടത്തലിനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും അതല്ല രാഹുലിനെ കൂടികേട്ടതിനുശേഷം നടപടിയെന്നും രണ്ട് അഭിപ്രായമാണ് ഉയര്‍ന്നിരിക്കുന്നത്. പതിവുപോലെ രാഹുല്‍ വിഷയത്തിലും കോണ്‍ഗ്രസിലെ നേതാക്കള്‍ പരസ്പരം പഴിചാരുകയാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും, ഷാഫി പറമ്പില്‍ എം പിയും ഒരുക്കിയ സംരക്ഷണ വലയത്തിലാണ് രാഹുല്‍ നിലനില്‍ക്കുന്നതെന്ന ആരോപണവും പാര്‍ട്ടിയില്‍ ഉയര്‍ന്നിരിക്കയാണ്.