യുവതികള്‍ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസില്‍ നിന്ന് തന്നെ ഒരു വിഭാഗത്തിന്റെ ആവശ്യം. സാങ്കേതികത്വം പറഞ്ഞ് രാഹുലിനെ സംരക്ഷിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. എന്നാല്‍ രാഹുലിനെതിരെ ഈ സ്ത്രീകള്‍ പരാതിപ്പെടുകയോ അതില്‍ നിയമനടപടി സ്വീകരിക്കുകയോ ചെയ്യാത്ത പശ്ചാത്തലത്തില്‍ രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്നാണ് മറുവിഭാഗത്തിന്റെ അഭിപ്രായം.
കേസില്ലെങ്കിലും ധാര്‍മികതയുടെ പേരില്‍ രാഹുലിനെക്കൊണ്ട് രാജി വയ്പ്പിച്ച് കോണ്‍ഗ്രസ് മറ്റ് പാര്‍ട്ടികള്‍ക്ക് മാതൃക കാട്ടണമെന്നാണ് കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്. എം മുകേഷിന്റെ ഉള്‍പ്പെടെ കേസുകളുമായി താരതമ്യം ചെയ്യാതെ പാര്‍ട്ടി ധീരമായ നിലപാടെടുക്കണം. ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതില്ലാത്ത സാഹചര്യവും അനുകൂലമാണെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തല്‍. പക്ഷേ രാഹുലിന്റെ പേര് പറഞ്ഞുകൊണ്ട് ഒരു പരാതി പോലും ഉയരാത്തതിനാല്‍ എംഎല്‍എ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ ഉടന്‍ നീക്കേണ്ട കാര്യമില്ലെന്നാണ് മറുവിഭാഗത്തിന്റെ വാദം.
അതേസമയം യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ സംസ്ഥാന അധ്യക്ഷനെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം രൂക്ഷമാണ്. തങ്ങളുടെ നോമിനികളുടെ കാര്യത്തില്‍ പ്രധാന നേതാക്കള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത് പ്രതിസന്ധിയുടെ ആഴം വര്‍ദ്ധിപ്പിക്കുന്നു. അതിനിടയില്‍ യൂത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗം വച്ച് അബിന്‍ വര്‍ക്കിയെ ലക്ഷ്യം വെച്ച് ആരോപണങ്ങളും സജീവമാക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തിലിനെ അബിന്‍ വര്‍ക്കി പിന്നില്‍ നിന്ന് കുത്തിയത് അബിന്‍ വര്‍ക്കി എന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. എന്നാല്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സജീവമായി അബിന്‍ വര്‍ക്കിയെ പരിഗണിക്കുന്നതിനുള്ള വൈരാഗ്യമാണ് ഇതിന് പിന്നിലെന്നും ആക്ഷേപമുണ്ട്.