കേരളത്തിന് ഓണസമ്മാനമായി ലയണൽ മെസി എത്തുന്നതായി കായികമന്ത്രി വി. അബ്ദുറഹിമാൻ. ഒരുക്കങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി കൂടിയാലോചിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അർജന്റീന വരുമെന്ന് മുൻപേ ഉറപ്പായിരുന്നു. എന്നാൽ ഔദ്യോഗിക അറിയിപ്പ് വന്നത് ഇന്നലെ രാത്രിയിലാണെന്ന് മന്ത്രി വ്യക്തമാക്കി
തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം. മെസിയെ ഇഷ്ടപ്പെടുന്നവർക്ക് അവസരം ഒരുക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. അർജന്റീനയുമായി കളിക്കാൻ നിരവധി ടീമുകൾ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഓസ്ട്രേലിയൻ ടീം ഇതിനകം മുന്നോട്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിന് സാമ്പത്തിക ബാധ്യതകളൊന്നുമില്ല. സെക്യൂരിറ്റി ഒരുക്കലാണ് സർക്കാരിന്റെ ഉത്തരവാദിത്തം. അതല്ലാതെ വേറെ ചിലവുകളൊന്നുമില്ലെന്ന് മന്ത്രി വിശദീകരിച്ചു.
അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരെ ആവേശം കൊള്ളിക്കുന്ന പ്രഖ്യാപനവുമായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ എത്തിയത്. മെസ്സിപ്പട കേരളത്തിലെത്തുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ടീമിന്റെ നവംബറിലെ ഒരു മത്സരം കേരളത്തിലുണ്ടാകുമെന്നാണ് പ്രഖ്യാപനം. നവംബര്‍ പത്തിനും പതിനെട്ടിനും ഇടയിലുള്ള സമയത്തായിരിക്കും മത്സരം നടക്കുക. എതിരാളികള്‍ ആരെന്ന് നിശ്ചയിച്ചിട്ടില്ല.
കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാനും വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. സൗഹൃദ മത്സരം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആകാനാണ് സാധ്യത. നവംബറില്‍ രണ്ട് മത്സരങ്ങള്‍ ഉണ്ടെന്നാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചിരിക്കുന്നത്. കേരളത്തിലേത് കൂടാതെ മറ്റൊരു മത്സരം അംഗോളയിലായിരിക്കും. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെയാണ് കേരളത്തിലെ മെസ്സി ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
മുന്‍പ് മെസ്സിപ്പട ഒക്ടോബറില്‍ കേരളത്തിലെത്തുമെന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്. ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായിരിക്കുന്നത്. അര്‍ജന്റീന ടീമിന്റെ കേരളത്തിലേക്കുള്ള വരവ് സംബന്ധിച്ച് കായികമന്ത്രി നടത്തിയ പ്രസ്താവനകളിലെ അവ്യക്തത വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു.





