Headlines

‘മെസ്സി ഈസ്‌ മിസ്സിംഗ്‌; കായിക മന്ത്രി മറുപടി പറയണം’; സണ്ണി ജോസഫ്

അർജന്റീന ടീമിന്റെ കേരള സന്ദർശനത്തിൽ സർക്കാർ വീഴ്ച വരുത്തിയെന്ന എഎഫ്എ പ്രതിനിധിയുടെ ചാറ്റ് പുറത്തുവന്നതോടെ സർക്കാരിനെ വിമർശിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ലക്ഷങ്ങൾ ചെലവാക്കി മെസിയെ വിളിക്കാൻ പോയവർ മറുപടി പറയണമെന്ന് സണ്ണി ജോസഫ്. മെസ്സി ഈസ്‌ മിസ്സിംഗ്‌ എന്നും കായിക മന്ത്രി മറുപടി പറയണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

സർക്കാർ തള്ളിമറിച്ചുണ്ടാക്കിയ അപകടമെന്ന് ഷാഫി പറമ്പിൽ എംപി കുറ്റപ്പെടുത്തി. മന്ത്രി സ്പെയിനില്‍ പോയതിന് ഖജനാവില്‍ നിന്ന് ചെലവായ പണം സിപിഐഎം തിരിച്ചടക്കണമെന്ന് ഹൈബി ഈഡന്‍ എംപിയും ആവശ്യപ്പെട്ടു. കരാർ ലംഘനം നടത്തിയത് കേരള സർക്കാരെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ. സർക്കാർ കരാർ വ്യവസ്ഥകൾ പൂർത്തീകരിച്ചില്ല. കരാർ ലംഘിച്ചത് കേരള സർക്കാർ എന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ചീഫ് മാർക്കറ്റിംഗ് ആൻഡ് കൊമേഴ്സ്യൽ ഹെഡ് ലിയാൻഡ്രോ പീറ്റേഴ്സൺ പറഞ്ഞു.

കരാർ ലംഘിച്ചത് അർജന്റീന ഫുട്‌ബോൾ അസോസിയേഷനാണെന്ന് കഴിഞ്ഞദിവസം സ്‌പോൺസർ ആരോപിച്ചിരുന്നു. കേരളത്തിൽ വന്നില്ലെങ്കിൽ ഇന്ത്യയിൽ ഒരിടത്തും വരില്ലെന്നടക്കമുള്ള വെല്ലുവിളിയും സ്‌പോൺസർ നടത്തിയിരുന്നു. എന്നാൽ കായിക മന്ത്രി ഇക്കാര്യത്തിൽ മൗനം തുടരുകയായിരുന്നു. എന്നാൽ‌ ഇപ്പോൾ കായിക മന്ത്രിക്കെതിരെ ലിയാൻഡ്രോ പീറ്റേഴ്സൺ രം​ഗത്തെത്തിയിരിക്കുന്നത്. 2024 സെപ്റ്റംബറിൽ കായികമന്ത്രി മാ‍ഡ്രിഡിൽ ലിയാൻഡ്രോ പീറ്റേഴ്സണുമായാണ് കൂടിക്കാഴ്ച നടത്തിയിരുന്നത്.