ടിക് ടോക് നിരോധനം നീക്കിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ടിക് ടോക് നിരോധനം നീക്കി എന്ന തരത്തിൽ പ്രചരിക്കുന്നത് തെറ്റായ വാർത്തയെന്നും കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു.
ടിക് ടോക്കിന്റെ വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാൻ കഴിയുമെന്ന് നിരവധി ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് ടിക് ടോക്ക് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചത്. ചില ഉപയോക്താക്കൾക്ക് വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാൻ കഴിഞ്ഞെങ്കിലും ലോഗിൻ ചെയ്യാനോ അപ്‌ലോഡ് ചെയ്യാനോ വിഡിയോകൾ കാണാനോ കഴിഞ്ഞില്ല. ടിക് ടോക് ആപ്പ് സ്റ്റോറുകളിലും ലഭ്യമായിരുന്നില്ല
2020-ലെ ഗാൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടലുകൾക്ക് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായതിനെ തുടർന്നാണ് ടിക് ടോക് അടക്കം 59 ചൈനീസ് ആപ്പുകൾ രാജ്യത്ത് നിരോധിച്ചത്.
എന്നാൽ നിലവിൽ ഇന്ത്യയും ചൈനയും സഹകരണത്തിനുള്ള പാതകൾ തേടുകയാണ്. കഴിഞ്ഞയാഴ്ച ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യ സന്ദർശിച്ചിരുന്നു. യുഎസിന്റെ അമിത തീരുവ നയത്തിനെ തുടർന്ന് ഇന്ത്യയും ചൈനയും വീണ്ടും അടുത്തതായാണ് റിപ്പോർട്ട്.
അതിർത്തിയിൽ സമാധാനം നിലനിർത്തുക, അതിർത്തി വ്യാപാരം വീണ്ടും തുറക്കുക, നിക്ഷേപം പ്രോത്സാഹിപ്പിക്കുക, നേരിട്ടുള്ള വിമാന കണക്റ്റിവിറ്റി പുനരാരംഭിക്കുക എന്നിവയിൽ ഇരുരാജ്യങ്ങളും ധാരണയായിട്ടുണ്ട്.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്യുടെ ക്ഷണപ്രകാരം, ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ ചൈന സന്ദർശിക്കും.