വാർത്തകൾ വിരൽത്തുമ്പിൽ

 

🔳പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി വീണ്ടും കേരള ഹൈക്കോടതി. ഇത് എന്തെല്ലാം കാരണങ്ങള്‍ കൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് ജി.എസ്.ടി കൗണ്‍സിലിനോട് കോടതി നിര്‍ദേശിച്ചു. വിശദീകരണം പത്തുദിവസത്തിനുള്ളില്‍ കോടതി മുന്‍പാകെ സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.

🔳റഫാല്‍ കരാറില്‍ പുതിയ തെളിവുകള്‍ പുറത്തുവിട്ട് ഫ്രഞ്ച് മാധ്യമമായ മീഡിയപാര്‍ട്ട്. കരാറിനായി ദസോ എവിയേഷന്‍ 65 കോടി രൂപ ഇടനിലക്കാരന്‍ സുഷേന്‍ ഗുപ്തക്ക് നല്‍കിയെന്നാണ് മീഡിയപാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള റഫാല്‍ യുദ്ധ വിമാന കരാറില്‍ സുഷേന്‍ ഗുപ്തയെന്നയാള്‍ ഇടനിലക്കാരനായിരുന്നുവെന്ന് മീഡിയപാര്‍ട്ട് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

🔳കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് നേരെയുള്ള നിലപാടില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിക്കേണ്ടി വരുമെന്ന് മാലിക് പറഞ്ഞു. കര്‍ഷകരോട് സംസാരിക്കാന്‍ തയ്യാറാകണം, കേന്ദ്ര നിലപാടാണ് ശരിയെന്ന് അവരെ ബോധിപ്പിക്കണം എന്നിരുന്നാലും കര്‍ഷകരുടെ വേദന കാണാന്‍ കഴിയാത്തത് കൊണ്ട് പിന്‍മാറുന്നു എന്ന് പറയണം. ഇത് നിങ്ങളെ വലിയവനാക്കുകയേയുള്ളൂ എന്നും പ്രധാനമന്ത്രിയോട് പറഞ്ഞിരുന്നു. പക്ഷേ അദ്ദേഹം പറഞ്ഞ മറുപടി എന്താണെന്ന് നിങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും മാലിക് പറഞ്ഞു. പുതിയ പാര്‍ലമെന്റ് നിര്‍മാണത്തേയും അദ്ദേഹം വിമര്‍ശിച്ചു, ലോകാത്തരമായ കോളേജുകള്‍ പണിയുകയായിരുന്നു പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പകരം കേന്ദ്രം ചെയ്യേണ്ടിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

🔳സംസ്ഥാനത്ത് ഇന്നുമുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു ബസ് സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ബസ് ഉടമകളുടെ ആവശ്യങ്ങളില്‍ നവംബര്‍ 18 ന് മുമ്പ് തീരുമാനത്തില്‍ എത്തുമെന്നും ഇക്കാര്യത്തില്‍ തുടര്‍ ചര്‍ച്ചകള്‍ നടത്തുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

🔳മുല്ലപ്പെരിയാര്‍ ബേബി ഡാമിനരികിലെ മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ ഉന്നതതല യോഗത്തിന്റെ മിനുട്‌സ് വനംമന്ത്രിക്ക് കൈമാറിയില്ല. ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് വിളിച്ച യോഗത്തിലെ തീരുമാനപ്രകാരമാണ് അനുമതി നല്‍കിയത്. വനം-വന്യജീവി പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹയും യോഗത്തില്‍ പങ്കെടുത്തിരുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമാണെങ്കിലും സര്‍ക്കാരിനെ അറിയിക്കാതെ നയപരമായ വിഷയത്തില്‍ ഉത്തരവ് ഇറക്കിയതിന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതിക്കൂട്ടിലാണ്. മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കി ഉത്തരവിറക്കിയ വനംവകുപ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നടപടിക്രമങ്ങളില്‍ ഗുരുതര പിഴവുള്ളതായി പരിശോധനയില്‍ കണ്ടെത്തി. ഐ.എഫ്.എസ്. ഉദ്യോഗസ്ഥനായതിനാല്‍ ഇദ്ദേഹത്തിനെതിരേ വകുപ്പുതല അച്ചടക്ക നടപടി വേണമെങ്കില്‍, സ്വീകരിക്കേണ്ടത് മുഖ്യമന്ത്രിയാണ്.

🔳മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയാക്കുമെന്ന് തമിഴ്‌നാട്. നവംബര്‍ 30-ന് അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തുമെന്ന് ജലസേചന വകുപ്പ് മന്ത്രി ദുരൈമുരുകനാണ് പറഞ്ഞത്. ജലനിരപ്പ് ഉയര്‍ത്താത്തതിലെ തമിഴ്നാട്ടിലെ ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാറിലെ കാര്യങ്ങള്‍ സുപ്രീം കോടതി പറയുന്നത് അനുസരിച്ചാണ് നടക്കുകയെന്നും അണക്കെട്ടുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കേരളവുമായി പ്രശ്‌നങ്ങള്‍ക്ക് താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔳നാനോ സയന്‍സ് മേധാവി നന്ദകുമാര്‍ കളരിക്കലിനെ മാറ്റണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചതോടെ എംജി സര്‍വ്വകലാശാലയില്‍ ദളിത് ഗവേഷക വിദ്യാര്‍ത്ഥി ദീപ പി മോഹന്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു. തന്റെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചുവെന്നും ഗവേഷണത്തിന് എല്ലാ സൗകര്യങ്ങളും സര്‍വകലാശാല ഉറപ്പുനല്‍കിയതായും ദീപ അറിയിച്ചു. നാനോ സയന്‍സില്‍ ഗവേഷണം നടത്താനുള്ള അഡ്മിഷന്‍ ലഭിച്ചിട്ടും അതിനുള്ള സൗകര്യം സര്‍വകലാശാലാ അധികൃതര്‍ നിഷേധിച്ചുവെന്നും ഹൈക്കോടതി ഉത്തരവുകള്‍ അടക്കം ഉണ്ടായിട്ടും തനിക്ക് നീതി നിഷേധിക്കപ്പെടുകയാണെന്നും, തന്റെ അക്കാദമിക് കരിയറിലെ പത്ത് വിലപ്പെട്ട വര്‍ഷമാണ് നഷ്ടമായതെന്നും ആരോപിച്ചാണ് അവര്‍ സര്‍വകലാശാലയ്ക്ക് മുന്നില്‍ നിരാഹാരസമരം തുടങ്ങിയത്.

🔳ഏതെങ്കിലും വിധത്തിലുള്ള മാടമ്പിത്തരങ്ങളുടെ ഇടിമുറികളായി നമ്മുടെ ഗവേഷണ കേന്ദ്രങ്ങളും കലാലയങ്ങളും മാറാതിരിക്കാന്‍ അധ്യാപകര്‍ ജാഗ്രത പാലിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. ജാതി അധിക്ഷേപത്തില്‍ എം.ജി സര്‍വകലാശാലയില്‍ നിരാഹാര സമരം നടത്തിവന്ന ഗവേഷക വിദ്യാര്‍ഥിനി ദീപാ മോഹനന്‍ സമരം അവസാനിപ്പിച്ചതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ ഫെയ്‌സ്ബുക്കിലൂടെയുള്ള പ്രതികരണം.

🔳ഇന്ധനവില വര്‍ധനയ്ക്ക് എതിരായ വഴിതടയല്‍ സമരത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ ആക്രമിച്ച സംഭവത്തില്‍ ടോണി ചമ്മണിയടക്കമുള്ള നേതാക്കള്‍ കീഴടങ്ങി. പ്രകടനമായി മരട് പൊലീസ് സ്റ്റേഷനിലേക്ക് എത്തിയാണ് ടോണി ചമണിയും കൂട്ടുപ്രതികളായ കോണ്‍ഗ്രസ് പ്രവത്തകരും കീഴടങ്ങിയത്. സ്റ്റേഷനിലേക്ക് പ്രവേശിക്കും മുന്‍പ് ഇവര്‍ ജോജു ജോര്‍ജിന്റെ കോലം കത്തിച്ചിരുന്നു.

🔳ശ്രീനിവാസന്‍ നായകനായ കീടം സിനിമയുടെ എറണാകുളത്തെ ഷൂട്ടിംഗ് സെറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. നടന്‍ ജോജു ജോര്‍ജ്ജിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് സിനിമാ ചിത്രീകരണം നടക്കുന്ന പുത്തന്‍കുരിശ് പിഡബ്ല്യൂഡി റസ്റ്റ് ഹൗസിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് റസ്റ്റ് ഹൗസിന് മുന്നില്‍ പൊലീസ് തടഞ്ഞു. കുന്നത്ത് നാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സിനിമാ സെറ്റുകളിലേക്കുള്ള മാര്‍ച്ച് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്ക പ്രതിപക്ഷനേതാവ് വി.ഡി.സതീശന് കത്തയച്ചിട്ടുണ്ട്.

🔳ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയും ഗതാഗതം തടഞ്ഞും സര്‍ക്കാര്‍ ഓഫീസുകള്‍ അടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയുമുള്ള സിനിമ ചിത്രീകരണം എറണാകുളം ജില്ലയില്‍ ഇനി അനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്. ജില്ലയില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള സിനിമ ചിത്രീകരണം മുന്നറിയിപ്പില്ലാതെ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി അറിയിച്ചു. സിനിമ ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തിനെതിരെയും യൂത്ത് കോണ്‍ഗ്രസ് പ്രചാരണവും പ്രക്ഷോഭവും ആരംഭിക്കുമെന്നും ടിറ്റോ ആന്റണി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

🔳ഗതാഗതം മുടക്കിയുള്ള സിനിമ ചിത്രീകരണം തടയുമെന്ന യൂത്ത് കോണ്‍ഗ്രസ് പ്രസ്താവന തള്ളി കോണ്‍ഗ്രസ് എറണാകുളം ഡിസിസി പ്രസിഡന്റ്. കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും സിനിമാ ചിത്രീകരണം തടസ്സപ്പെടുത്തില്ലെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.

🔳എറണാകുളം പാലാരിവട്ടത്ത് മുന്‍ മിസ് കേരള അടക്കം മൂന്ന് പേര്‍ കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍.തൃശ്ശൂര്‍ മാള സ്വദേശി അബ്ദുള്‍ റഹ്‌മാനെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് അപകടകരമായി വാഹനം ഓടിച്ചതിനും, മനപൂവ്വമല്ലാത്ത നരഹത്യയ്ക്കുമാണ് കേസ് എടുത്തത്.

🔳നടി കെ.പി.എ.സി ലളിത കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍. പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് നടിയെ തൃശ്ശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം എറണാകുളത്തേക്ക് മാറ്റുകയായിരുന്നു. ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്. എന്നാല്‍ കരള്‍ മാറ്റിവയ്‌ക്കേണ്ടി വരുമെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചേ അതുസംബന്ധിച്ച് തീരുമാനമുണ്ടാകൂവെന്നും റിപ്പോര്‍ട്ടുകള്‍.

🔳ഗുജറാത്ത് തീരത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ പാക്കിസ്ഥാനെ പ്രതിഷേധമറിയിച്ച് ഇന്ത്യ. പാക് ഹൈക്കമ്മീഷനിലെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. പാക് സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഗുജറാത്ത് തീരത്ത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്കുനേരെയുണ്ടായ പാക്ക് വെടിവെപ്പില്‍ ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടിരുന്നു. പാക്ക് നാവിക ഉദ്യോഗസ്ഥന്‍ വെടിവച്ചുവെന്നാണ് നിഗമനം. എന്നാല്‍ അതേ സമയം, ഗുജറാത്ത് തീരത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ വെടിവച്ചെന്ന റിപ്പോര്‍ട്ടുകള്‍ പാകിസ്ഥാന്‍ നിഷേധിച്ചു. ജല്‍പാരി എന്ന ബോട്ടിനെയോ വെടിവെപ്പിനെയോ കുറിച്ച് അറിയില്ലെന്ന് പാകിസ്ഥാന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സി വ്യക്തമാക്കി.

🔳മണിപ്പൂരിലെ കോണ്‍ഗ്രസ് നേതാക്കളും മുന്‍ എംഎല്‍എമാരുമായ രണ്ട് പേര്‍ ബിജെപിയില്‍ ചേര്‍ന്നു. രാജ്കുമാര്‍ ഇമോ സിങ്ങ്, യാംതോങ്ങ് ഹാവോകിപ് എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്രമന്ത്രി സര്‍ബാനന്ദ സൊനോവാള്‍, പാര്‍ട്ടി നേതാവ് സാമ്പിത് പത്ര എന്നിവര്‍ ഇരുവരേയും ബി.ജെ.പി അംഗത്വം നല്‍കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

🔳പഞ്ചാബ് സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി പി.സി.സി. അധ്യക്ഷന്‍ നവ്‌ജോത് സിങ് സിദ്ധു. ചരണ്‍ജിത് സിങ് ഛന്നിയുടെ സര്‍ക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്ന് സിദ്ധു കുറ്റപ്പെടുത്തി. ബേഹ്ബല്‍ കലാന്‍ വെടിവെപ്പു കേസില്‍ മുന്‍ ഡി.ജി.പി സുമേധ് സിങ് സൈനിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനെതിരെ സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ വൈകിയതാണ് സിദ്ധുവിനെ പ്രകോപിപ്പിച്ചത്.

🔳മലിനീകരണത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ കാളിന്ദി കുഞ്ജിനടുത്തുള്ള യമുനാനദിയില്‍ വിഷപ്പത രൂപപ്പെട്ടു. യമുനാനദിയുടെ പലഭാഗങ്ങളും വിഷപ്പതയില്‍ മൂടപ്പെട്ട് കിടക്കുകയായിരുന്നു. നദിയിലെ ഉയര്‍ന്ന അമോണിയ തോതും ഫോസ്‌ഫേറ്റ് അംശവുമാണ് വിഷപത രൂപപ്പെടാനുള്ള പ്രധാന കാരണം. വ്യാവസായിക മാലിന്യം നദിയിലേക്ക് പുറന്തള്ളിയതാണ് അമോണിയുടെ തോതും ഫോസ്‌ഫേറ്റിന്റെ അംശവും നദിയില്‍ ഉയരാനുള്ള പ്രധാന കാരണം.

🔳ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം. നാട്ടുകാരനായ ഒരാളെ ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തി. ബന്ദിപ്പൊര സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം ഖാന്‍ ആണ് കൊല്ലപ്പെട്ടത്. ശ്രിനഗറിലെ ബോഹ്‌റികടാല്‍ മേഖലയില്‍ വച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ ജമ്മുകശ്മീര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണം ഉണ്ടായ സ്ഥലത്ത് കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

🔳43 രാജ്യങ്ങളിലായി ലോകത്തെ 4.5 കോടി മനുഷ്യര്‍ പട്ടിണിയുടെ വക്കത്താണെന്ന് ഐക്യരാഷ്ട്ര സഭാ ഭക്ഷ്യ ഏജന്‍സിയുടെ മുന്നറിയിപ്പ്. കഴിഞ്ഞ വര്‍ഷം 4.2 കോടി മനുഷ്യരായിരുന്നു ഭക്ഷ്യക്ഷാമം മൂലം പട്ടിണിയുടെ വക്കിലെത്തിയത്. താലിബാന്‍ അഫ്ഗാനിസ്താന്‍ പിടിച്ചെടുത്തതിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയും നിരന്തര വരള്‍ച്ചയും കാരണം 30 ലക്ഷം പേര്‍ കൂടി ക്ഷാമത്തിലായതോടെയാണ് പട്ടിണിയെ അഭിമുഖീകരിക്കുന്നവരുടെ എണ്ണം കൂടിയതെന്ന് ലോക ഭക്ഷ്യ പദ്ധതി എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഡേവിഡ് ബീസ്ലി മാധ്യമങ്ങളോട് പറഞ്ഞു. ആഭ്യന്തര സംഘര്‍ഷങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, കൊവിഡ്-19 രോഗം എന്നിവയാണ് ലോകത്തെ മനുഷ്യരില്‍ നല്ലൊരു പങ്കിനെയും പട്ടിണിയുടെ വക്കിലേക്ക് വലിച്ചെറിഞ്ഞത്.

🔳ടി20 ലോകകപ്പില്‍ നിന്ന് ഇന്ത്യ വിജയത്തോടെ വിടവാങ്ങി. ഫലം അപ്രസക്തമായ സൂപ്പര്‍ 12 പോരാട്ടത്തില്‍ നമീബിയയെ ഒമ്പത് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ക്യാപ്റ്റനെന്ന നിലയിലുള്ള വിരാട് കോലിയുടെ അവസാന ടി20 മത്സരം അവിസ്മരണീയമാക്കിയത്. 133 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 15.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ജഡേജ 16 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അശ്വിന്‍ 20 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. 56 റണ്‍സെടുത്ത രോഹിത് ശര്‍മ ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. കെ എല്‍ രാഹുല്‍ 54 റണ്‍സെടുത്തു. ഇരു ടീമുകളും നേരത്തെ സെമി കാണാതെ പുറത്തായിരുന്നതിനാല്‍ മത്സരഫലം അപ്രസക്തമായിരുന്നു. എങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ കോലിക്കും പരിശീലകന്‍ രവി ശാസ്ത്രിക്കും വിയജത്തോടെ യാത്രയയപ്പ് നല്‍കാന്‍ ആയെന്ന സന്തോഷത്തോടെ ടി20 ലോകകപ്പിലെ പോരാട്ടം ഇന്ത്യ അവസാനിപ്പിച്ചു.

🔳ട്വന്റി 20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിനിടെ പരിക്കേറ്റ ഇംഗ്ലണ്ട് ഓപ്പണര്‍ ജേസണ്‍ റോയ് ലോകകപ്പില്‍ നിന്ന് പുറത്ത്. ശനിയാഴ്ച നടന്ന മത്സരത്തിനിടെ റണ്ണിനായി ഒടുന്നതിനിടെയാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. റോയിക്ക് പകരം ജെയിംസ് വിന്‍സിനെ ടീമിലെടുക്കുമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്.

🔳24 വര്‍ഷത്തിനുശേഷം പാകിസ്ഥാന്‍ പര്യടനം പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് ഓസീസ് ടീം പാകിസ്ഥാനില്‍ എത്തുക. മൂന്ന് ടെസ്റ്റും മൂന്ന് ഏകദിനവും ഒരു ട്വന്റി 20യും അടങ്ങുന്നതാണ് പര്യടനം. 1998ന് ശേഷം ആദ്യമായാണ് സമ്പൂര്‍ണ പര്യടനത്തിനായി ഓസീസ് ടീം പാകിസ്ഥാനില്‍ എത്തുന്നത്. അടുത്തിടെ ഇംഗ്ലണ്ടും ന്യൂസീലന്‍ഡും സുരക്ഷാകാരണങ്ങളാല്‍ പാക് പര്യടനം ഉപേക്ഷിച്ച സാഹചര്യത്തില്‍ ഓസ്ട്രേലിയയുടെ തീരുമാനം ശ്രദ്ധേയമാണ്.

🔳കേരളത്തില്‍ ഇന്നലെ 52,862 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 5404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 80 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 182 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 33,978 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 19 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5062 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 300 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6136 പേര്‍ രോഗമുക്തി നേടി. ഇതോടെ 71,316 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 777, കൊല്ലം 662, കോഴിക്കോട് 648, എറണാകുളം 577, തൃശൂര്‍ 569, കണ്ണൂര്‍ 387, കോട്ടയം 300, പത്തനംതിട്ട 296, ഇടുക്കി 254, മലപ്പുറം 234, വയനാട് 210, ആലപ്പുഴ 198, പാലക്കാട് 193, കാസര്‍ഗോഡ് 99.

🔳ആഗോളതലത്തില്‍ ഇന്നലെ 3,35,118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 32,906 പേര്‍ക്കും ഇംഗ്ലണ്ടില്‍ 32,322 പേര്‍ക്കും റഷ്യയില്‍ 39,400 പേര്‍ക്കും തുര്‍ക്കിയില്‍ 27,824 പേര്‍ക്കും ജര്‍മനിയില്‍ 20,580 പേര്‍ക്കും ഇന്ത്യയില്‍ 7,841 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 25.09 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.86 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 4,726 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 265 പേരും റഷ്യയില്‍ 1,190 പേരും ഉക്രെയിനില്‍ 473 പേരും റൊമാനിയായില്‍ 240 പേരും ഇന്ത്യയില്‍ 304 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 50.69 ലക്ഷമായി.

🔳ടാറ്റയുടെ പുതുനേതൃത്വത്തിനുകീഴില്‍ ജനുവരി 23ന് എയര്‍ ഇന്ത്യ വീണ്ടും സര്‍വീസ് തുടങ്ങിയേക്കും. ദേശാസാത്കരണത്തിന്റെ നീണ്ട 68 വര്‍ഷത്തിനുശേഷം ഈയിടെയാണ് എയര്‍ ഇന്ത്യയെ ടാറ്റ വീണ്ടും സ്വന്തമാക്കിയത്. ഉടമസ്ഥവകാശം കൈമാറ്റം ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരുമായുള്ള കരാര്‍ പ്രകാരം എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, എയര്‍ ഇന്ത്യ സാറ്റ്സ്(50ശതമാനം ഓഹരി)എന്നിവയുടെ പ്രവര്‍ത്തനം നിശ്ചിത സമയത്തിനകം ആരംഭിക്കേണ്ടതുണ്ട്. അതേസമയം, മെഗാ എയര്‍ലൈനായി പ്രവര്‍ത്തിക്കുമോയെന്നകാര്യത്തില്‍ ഇതുവരെ വ്യക്തതവന്നിട്ടില്ല.

🔳യാത്രക്കാര്‍ക്ക് വിമാനക്കൂലി ഇഎംഐ ആയി നല്‍കാന്‍ അവസരമൊരുക്കി സ്പൈസ് ജെറ്റ്. മൂന്ന് മാസം. ആറ് മാസം, 12 മാസം എന്നിങ്ങനെ വിവിധ കാലയളവിലേക്ക് ഇഎംഐ ലഭ്യമാണ്. മൂന്ന് മാസത്തേക്കുള്ള ഇഎംഐയില്‍ അധിക ചാര്‍ജുകള്‍ ഉണ്ടാകില്ലെന്നും കമ്പനി അറിയിച്ചു. ഇഎംഐ സ്‌കീമിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ ആവശ്യമില്ല. പാന്‍ കാര്‍ഡ്, ആധാര്‍/ വോട്ടേഴ്സ് ഐഡി എന്നിവ മാത്രം മതി. ഒടിപി വെരിഫിക്കേഷനിലൂടെയാകും ഇഎംഐ അനുവദിക്കുക.

🔳കീര്‍ത്തി സുരേഷ് നായികയാകുന്ന ചിത്രമാണ് ഗുഡ് ലക്ക് സഖി. നാഗേഷ് കുക്കുനൂര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാഗേഷ് കുക്കുനൂര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ഗുഡ് ലക്ക് സഖിയെന്ന ചിത്രത്തിന്റെ വീഡിയോ ഗാനം പുറത്തുവിട്ടു. ബാഡ് ലക്ക് സഖി എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. ശ്രീമണിയാണ് കീര്‍ത്തിയുടെ ചിത്രത്തിന്റെ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധായകന്‍. നാട്ടിന്‍പുറത്തുകാരിയായ പെണ്‍കുട്ടിയായിട്ടാണ് ചിത്രത്തില്‍ കീര്‍ത്തി സുരേഷ് അഭിനയിക്കുന്നത്.

🔳നിവിന്‍ പോളിയെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കനകം കാമിനി കലഹം’.ഡയറക്റ്റ് ഒടിടി റിലീസ് ആയി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ എത്തുന്ന ചിത്രത്തിന്റെ രസകരമായ പുതിയ വീഡിയോ പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന തരത്തിലാണ് വീഡിയോ. നേരത്തെ പുറത്തിറങ്ങിയ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഡിസ്നിയുടെ ആദ്യ മലയാളം ഡയറക്റ്റ് റിലീസു കൂടിയാണ് ‘കനകം കാമിനി കലഹം’ . ‘വേള്‍ഡ് ഡിസ്‌നി ഡേ’ ആയ നവംബര്‍ 12 നാണ് ചിത്രത്തിന്റെ റിലീസ്.

🔳സ്‌കൂട്ടര്‍ വാടകയ്ക്ക് നല്‍കുന്ന സേവനത്തിന് പേരുകേട്ട സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് ബെംഗളൂരു ആസ്ഥാനമായുള്ള ബൗണ്‍സ്. ഇപ്പോഴിതാ കമ്പനി ഇലക്ട്രിക്ക് സ്‌കൂട്ടര്‍ നിര്‍മ്മാണ രംഗത്തേക്കും ചുവടുവയ്ക്കുകയാണ്. കമ്പനിയുടെ ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഉടന്‍ പുറത്തിറങ്ങും. ബൗണ്‍സില്‍ നിന്നുള്ള ഇതുവരെ പേരിടാത്ത ഇലക്ട്രിക് സ്‌കൂട്ടറില്‍ സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി പായ്ക്കുകള്‍ ഉണ്ടായിരിക്കും. കൂടാതെ സ്‌കൂട്ടറിന്റെ ഭാഗമായി വാങ്ങുന്നതിനേക്കാള്‍ ബാറ്ററികള്‍ കമ്പനിയില്‍ നിന്ന് വാടകയ്‌ക്കെടുക്കാനുള്ള ഓപ്ഷന്‍ വാങ്ങുന്നവര്‍ക്ക് ലഭിക്കും. സബ്‌സ്‌ക്രിപ്ഷന്‍ ചെലവ് കൂടി ചേര്‍ത്താല്‍ സ്‌കൂട്ടറുകളുടെ വാങ്ങല്‍ ചെലവ് കുറയും.

🔳ദൈവത്തിനയക്കുന്ന കത്തിന് പിശാച് മറുപടിയെഴുതുന്ന കീഴ്മേല്‍ മറിഞ്ഞ ഒരു കാലത്തിന്റെ കിതപ്പുകളാണ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ കഥകളില്‍ നിറയുന്നത്. ചീര്‍ത്ത മെത്തകളില്‍ ചുരുണ്ടുകിടക്കുന്നവരുടെ കൂര്‍ക്കംവലികളല്ല, കൂര്‍ത്ത കുരിശുകളില്‍ ചോരവീഴ്ത്തി നില്‍ക്കുന്നവരുടെപിടച്ചിലുകളാണ് ഈ കഥകള്‍ ഒരാഘാതത്തോടെ പകര്‍ന്നുനല്‍കുന്നത്. ‘മഞ്ഞുകാലം’. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്. ഒലീവ് പബ്ളിക്കേഷന്‍സ്. വില 123 രൂപ.

🔳കോവിഡ് ബാധിതരില്‍ സ്വാഭാവികമായി ഉണ്ടാകുന്ന രോഗപ്രതിരോധം കുറഞ്ഞത് 10 മാസം വരെ നീണ്ടു നില്‍ക്കാമെന്ന് യുകെയില്‍ നടന്ന പുതിയ പഠനത്തില്‍ കണ്ടെത്തി. കോവിഡ് ആദ്യ തരംഗത്തിനിടെ രോഗബാധിതരായവരുടെ രക്തത്തിലാണ് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് 10 മാസം വരെ ആന്റിബോഡികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. രോഗബാധയുടെ സമയത്തെ മൂര്‍ധന്യാവസ്ഥയില്‍ നിന്ന് ആന്റിബോഡികളുടെ തോത് കുറഞ്ഞ് വരുമെന്ന് ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ വൈറസിന്റെ സാന്നിധ്യത്തെ നിര്‍വീര്യമാക്കാന്‍ കഴിയുന്നത്ര അളവിലുള്ള ആന്റിബോഡികള്‍ ശരീരത്തില്‍ പിന്നെയും ശേഷിക്കും. വിവിധ വിഭാഗങ്ങളില്‍പ്പെട്ട 38 രോഗികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും രക്ത സാംപിളുകളാണ് ഗവേഷണത്തിനായി ശേഖരിച്ചത്. ഇവരെല്ലാവരും കോവിഡ് ആദ്യ തരംഗത്തില്‍ രോഗബാധിതരായവരാണ്. വൈറസ് ബാധയെ തുടര്‍ന്നുള്ള ശരീരത്തിലെ ആന്റിബോഡി തോത് മൂന്ന് മുതല്‍ അഞ്ച് ആഴ്ചകള്‍ക്ക് ശേഷം കുറഞ്ഞു തുടങ്ങുമെന്നായിരുന്നു ഈ ഗവേഷണ സംഘം മുന്‍പ് നടത്തിയ പഠനത്തില്‍ തെളിഞ്ഞത്. എന്നാല്‍ പുതിയ ഗവേഷണ ഫലങ്ങള്‍ ശുഭസൂചകമായ വിവരങ്ങളാണ് നല്‍കുന്നത്. യഥാര്‍ഥ കോവിഡ് വകഭേദം ബാധിക്കപ്പെട്ടവര്‍ക്ക് വ്യതിയാനം സംഭവിച്ച പുതിയ കോവിഡ് വകഭേദങ്ങള്‍ക്കെതിരെ കുറഞ്ഞ തോതിലാണെങ്കിലും സംരക്ഷണം നിലനില്‍ക്കുന്നതായും ഗവേഷണ റിപ്പോര്‍ട്ട് സൂചന നല്‍കുന്നു. ഒന്നാം തരംഗത്തിലെ രോഗികളുടെ രക്ത സാംപിളില്‍ ആല്‍ഫ, ഗാമ, ബീറ്റ, ഡെല്‍റ്റ എന്നിവയ്ക്കെതിരെയെല്ലാം ചെറിയ അളവിലുള്ള നിര്‍വീര്യമാക്കല്‍ പ്രവര്‍ത്തനം നടക്കുന്നതായും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു. ഇതിനാല്‍ യഥാര്‍ഥ കോവിഡ് വൈറസിന്റെ സ്പൈക് പ്രോട്ടീന്‍ ഉപയോഗിച്ച് നിര്‍മിച്ച വാക്സീനുകള്‍ നിലവിലെ വകഭേദങ്ങള്‍ക്കെതിരെയും വരാന്‍ സാധ്യതയുള്ള വകഭേദങ്ങള്‍ക്കെതിരെയും വിശാലമായ ആന്റിബോഡി പ്രതിരോധം നല്‍കുമെന്ന് ഗവേഷണ റിപ്പോര്‍ട്ട് പ്രതീക്ഷ പ്രകടിപ്പിച്ചു.

*ശുഭദിനം*
*കവിത കണ്ണന്‍*
ആ രാജ്യത്തെ രാജാവിന് ഒരു അസുഖം പിടിപെട്ടു. അസുഖം മാറുന്നതിനായി പാല്‍ ഉപയോഗിച്ചുള്ള ഒരു ചികിത്സയാണ് കൊട്ടാരം വൈദ്യന്‍ നിര്‍ദ്ദേശിച്ചത്. വിവിധയിനം പശുക്കളുടെ പാല്‍ ആവശ്യമാണ്. വിളംബരം നടത്തി. കൊട്ടാരമുറ്റത്ത് വെച്ചിട്ടുള്ള വലിയ പാത്രത്തില്‍ പാല്‍ സംഭരിക്കാന്‍ തീരുമാനിച്ചു. എല്ലാ വീട്ടുകാരും പാല്‍ ഒഴിക്കണം. നിര്‍ദ്ദിഷ്ടദിവസം രാത്രിയിലാണ് ഇത് ചെയ്യേണ്ടത്. എല്ലാവരും പാല്‍ ഒഴിക്കുമ്പോള്‍ ഒരാള്‍ മാത്രം കുറച്ച് വെള്ളം ഒഴിച്ചാലും ആരും അറിയുകയില്ല. ഒരു വീട്ടിലുള്ളവര്‍ ആലോചിച്ചത് ഇതാണ്. അവിടുത്ത ഗൃഹനാഥന്‍ ഒരു കുടം വെള്ളം ഒഴിച്ചു. പിറ്റേദിവസം രാവിലെ രാജാവും വൈദ്യരും വന്നപ്പോള്‍ കണ്ടത് കൊട്ടാരമുറ്റത്തെ വലിയ പാത്രം നിറയെ വെള്ളമാണ് ഒരാള്‍ ചിന്തിച്ചപോലെ തന്നെ എല്ലാവരും ചിന്തിക്കുകയും വെള്ളം ഒഴിക്കുകയും ചെയ്തു. ഈ ലോകത്തില്‍ 3 തരം ആളുകളുണ്ട്. എല്ലാവരും ചെയ്യുമ്പോള്‍ താന്‍ മാത്രം മാറി നില്‍ക്കുന്നത് ശരിയല്ലല്ലോ എന്ന് ചിന്തിച്ച് ചെയ്യുന്നവര്‍, ആര്‍ക്ക് വേണമെങ്കിലും ചെയ്യാമല്ലോ പിന്നെന്തിന് ഞാന്‍ ചെയ്യണം എന്ന് ചിന്തിച്ച് മാറി നില്‍ക്കുന്നവര്‍, ആരുമില്ലെങ്കിലും ഞാന്‍ ഇത് ചെയ്യും എന്ന് കരുതി മുന്‍കൈയ്യെടുത്ത് ചെയ്യുന്നവര്‍. നിവൃത്തികേട് കൊണ്ട് ചെയ്യുന്ന ഒരു കര്‍മ്മത്തിനും ആത്മാര്‍ത്ഥത ഉണ്ടാകില്ല. എല്ലാ കാര്യങ്ങളും മറ്റാരുടെയെങ്കിലും ഉത്തരവാദിതത്വമെന്ന് കരുതുന്നവര്‍ ജീവിതത്തോട് തന്നെ നിസ്സംഗത പുലര്‍ത്തുന്നവരായിരിക്കും. എന്നാല്‍ ആരൊക്കെ മാറിനിന്നാലും താന്‍ മുന്നിട്ടിറങ്ങി അത് ചെയ്യുകതന്നെചെയ്യും എന്ന് കരുതുന്നവര്‍ ഉള്ളതുകൊണ്ടാണ് ഈ ലോകം ഇങ്ങനെ നിലനിര്‍ത്തപ്പെടുന്നത്. ഒരാള്‍ മാത്രം കള്ളനായാല്‍ അയാളെ ശിക്ഷിക്കുകയോ തിരുത്തുകയോ ചെയ്യാം. എന്നാല്‍ നാട്ടുകാര്‍ മുഴുവന്‍ കള്ളന്മാരായാല്‍ ആരെ വഴികാണിക്കാനാകും. എല്ലാവരും തെറ്റ് ചെയ്യുമ്പോഴും ശരി പിന്തുടരണമെങ്കില്‍ അസാധാരണമായ ധൈര്യം ഉണ്ടാകണം, തെറ്റൊഴിവാക്കാനുള്ള ധൈര്യം – ശുഭദിനം.
➖➖➖➖➖➖➖➖