കോട്ടയം: സംസ്ഥാനത്ത് ഇന്ന് മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. ഗതാഗത മന്ത്രി ആന്റണി രാജു ബസ് ഉടമകളുമായി നാട്ടകം ഗസ്റ്റ്ഹൗസിൽ ഇന്നലെ രാത്രി നടത്തിയ ചർച്ചയെതുടർന്നാണ് തീരുമാനം. ഈ മാസം 18ന് മുമ്പ് ബസ് ഉടമകൾ ഉന്നയിച്ച വിഷയങ്ങൾ പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് സമരം മാറ്റി വെച്ചതെന്ന് ബസ് ഉടമകൾ അറിയിച്ചു.
ഉന്നയിച്ച ആവശ്യങ്ങളിൽ ബസ് ഉടമകളുമായി തുടർ ചർച്ചകൾ നടക്കുമെന്നും ഈ സാഹചര്യത്തിൽ സമരത്തിൽ നിന്ന് പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെടുകയായിരുന്നു. ഇന്ധന വില കുതിക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ ഉൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ സബ്‌സിഡി നൽകണമെന്നും ആവശ്യപ്പെട്ടാണ് ബസ് ഉടമകൾ ഇന്നലെ അർധ രാത്രി മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.